സിഎഎ; നിയമ ഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

സി എ എ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അല്ലാതെ തന്നെ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുന്പാണ് വിവാദ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തത്. വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

2019ലാണ് ഇരു സഭകളും പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കുന്നത്. നിയമത്തിലെ ചട്ടങ്ങളാണ് ഇന്ന് വിജ്ഞാപനം ചെയ്തത്. ഇതിനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൂര്‍ത്തിയാക്കിയതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ളീം ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് നിയമം. ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയുള്ള നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുണ്ടായത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ നീക്കങ്ങള്‍ 2020ല്‍ ദില്ലിയില്‍ വലിയ കലാപമായും മാറി. ഇപ്പോല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് കേന്ദ്രം വിവാദ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ പുറത്തിറക്കുന്നത്.

നാലുവർഷം മുൻപ് ബിൽ പാസാക്കിയിരുന്നെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ ഇതുവരെ നിയമം നടപ്പാക്കിയിട്ടില്ലായിരുന്നു. നിരവധി തവണ നിയമ മന്ത്രാലയം ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാനുള്ള സമയ പരിധി പാർലമെന്റിനോട് നീട്ടി ചോദിച്ചിരുന്നു, എന്നാൽ കോവിഡ് പ്രതിസന്ധിയുൾപ്പടെ ചൂണ്ടിക്കാട്ടി നിയമം നടപ്പാക്കുന്നതിനു മെല്ലെപ്പോക്ക് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*