സിഎഎ അംഗീകരിക്കാനാകില്ല,’ നടപ്പിലാക്കരുതെന്ന് വിജയ്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സ്റ്റാലിനും

പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി നടന്‍ വിജയ് യുടെ തമിഴക വെട്രിക്ക് കഴകം. സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു. പാർട്ടി രൂപീകരണത്തിന് ശേഷം വിജയ് നടത്തുന്ന ആദ്യ രാഷ്ട്രീയ പ്രതികരണം കൂടിയാണിത്.”എല്ലാ പൗരന്മാരും സൗഹാർദത്തോടെ ജീവിതം നയിക്കുന്ന രാജ്യത്ത് സിഎഎ പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാകില്ല. ഈ നിയമം തമിഴ്‌നാട്ടില്‍ നടപ്പിലാക്കില്ലെന്ന് നേതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്,” വിജയ് ആവശ്യപ്പെട്ടു.

അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാരിന്റെ വിഭജന അജണ്ട നടപ്പിലാക്കുന്നതിന് ഉപയോഗിക്കുകയാണ്. ഡിഎംകെ പോലുള്ള ജനാധിപത്യ ശക്തികളുടെ എതിർപ്പിനെ അവഗണിച്ച് എഐഎഡിഎംകെ പോലുള്ള സഖ്യകക്ഷികളുടെ സഹായത്തോടെ ബിജെപി സിഎഎ പാസാക്കിയതായും സ്റ്റാലിന്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

ഡിഎംകെ 2021ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ സിഎഎക്ക് എതിരായ പ്രമേയം തമിഴ്‌നാട് നിയമസഭയില്‍ പാസാക്കിയ കാര്യവും സ്റ്റാലിന്‍ ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മതവികാരം മുതലെടുത്ത് മുങ്ങുന്ന കപ്പല്‍ രക്ഷിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും സ്റ്റാലിന്‍ വിമർഷിച്ചു.”ഭിന്നിപ്പുണ്ടാക്കുന്ന നിയമം നടപ്പിലാക്കിയതില്‍ ഇന്ത്യയിലെ ജനങ്ങള്‍ ബിജെപിയോട് ക്ഷമിക്കില്ല. ജനം ബിജെപിയെ പാഠം പഠിപ്പിക്കും,” സ്റ്റാലിന്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*