സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുമ്പോഴും വട്ടവടയിലെ ക്യാബേജ് കർഷകർ പ്രതിസന്ധിയിൽ

ഇടുക്കി : സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുമ്പോഴും വട്ടവടയിലെ ക്യാബേജ് കർഷകർ പ്രതിസന്ധിയിൽ. വിപണിയിൽ ക്യാബേജിന് 70 രൂപ വില വരുന്നുണ്ടെങ്കിലും കർഷകർക്ക് ലഭിക്കുന്നത് 18 രൂപ മാത്രമാണ്. വട്ടവടയിലെ പച്ചക്കറി പൂർണ്ണമായും ഹോർട്ടി കോർപ്പ് സംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും കഴിഞ്ഞ ഓണത്തിന് ശേഷം ഹോർട്ടി കോപ്പ് പച്ചക്കറി സംഭരിച്ചിട്ടില്ല. വട്ടവടയിലെ പച്ചക്കറി ഭൂരിഭാഗവും കയറി പോകുന്നത് തമിഴ്നാട്ടിലേക്കാണ്.

സംഭരിച്ച പച്ചക്കറിയുടെ പണവും പൂർണ്ണമായും കർഷകർക്ക് ലഭിക്കുന്നില്ല. ഒരേക്കർ പാടത്ത് ക്യാബേജ് കൃഷി ഇറക്കണമെങ്കിൽ വിത്തിന് മാത്രം പതിനായിരം രൂപയോളം ചിലവ് വരും. വളത്തിനും മറ്റുമുള്ള ചെലവുകൾ വേറെ. നാലുമാസം വേണം ഇവ വിളവെടുക്കാൻ എന്നാൽ വിപണിയിൽ ക്യാബേജ് വില കുതിച്ചുയർന്നു നിൽക്കുമ്പോഴും വട്ടവടയിലെ കർഷകർക്ക് കിട്ടുന്നത് കിലോയ്ക്ക് 18 രൂപയിൽ താഴെ മാത്രംമാണ്. ഇവർക്ക് അറിയാവുന്നത് കൃഷി മാത്രം. അതുകൊണ്ട് നഷ്ടം വന്നാലും വീണ്ടും തുടരുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നാണ് കർഷകർ പറയുന്നു.

സർക്കാർ ആനുകൂല്യം ഒന്നും കിട്ടുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷി നാശത്തിനും നഷ്ടപരിഹാരം കിട്ടിയില്ല. കഴിഞ്ഞ കാലവർഷത്തിൽ 800 ഏക്കർ കൃഷി നശിച്ചു. കർഷക ഗ്രാമമായിട്ടും കൃഷി ഓഫീസർ പോലുമില്ലെന്നാണ് പല കർഷകരും പറയുന്നത്. കഴിഞ്ഞ ഓണക്കാലത്തിനുശേഷം ഇതുവരെ ഹോർട്ടി കോർപ്പ് പച്ചക്കറി ഇവിടെ നിന്നും സംഭരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇടനിലക്കാർ വഴി കർഷകർ വിറ്റഴിക്കുന്ന പച്ചക്കറികൾ തമിഴ്നാട്ടിലെ മാർക്കറ്റിൽ എത്തി തിരികെ കേരളത്തിൽ എത്തുമ്പോൾ മൂവിരട്ടി വില നൽക്കണം.

ഹോർട്ടികോർപ്പ് കൃത്യമായി സംഭരിക്കുകയും വില കൃത്യമായി നൽകുകയും ചെയ്താൽ ഗുണമേന്മയുള്ള പച്ചക്കറി കേരളത്തിൽ തന്നെ വിതരണം നടത്താൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*