സ്മാര്‍ട്ട് സിറ്റി പദ്ധതി: ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള മന്ത്രിസഭാ തീരുമാനം വിവാദത്തില്‍

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള മന്ത്രിസഭാ തീരുമാനം വിവാദത്തില്‍. പദ്ധതിയില്‍ വീഴ്ച വരുത്തിയാല്‍ ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് കരാറില്‍ വ്യവസ്ഥയുളളപ്പോഴാണ് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭയുടെ തീരുമാനം. ഭൂമി തിരിച്ചെടുക്കുന്നതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

2007ല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ടീകോമും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.കരാറിലെ 7,2,2 വ്യവസ്ഥ പ്രകാരം ഉടമ്പടി പ്രകാരമുളള കെട്ടിട നിര്‍മ്മാണത്തിലും തൊഴിലവസര സൃഷ്ടിയിലും വീഴ്ച വരുത്തിയാല്‍ നഷ്ട പരിഹാരം ഈടാക്കാമെന്ന് പറയുന്നുണ്ട്. കരാറില്‍ കൃത്യമായ വ്യവസ്ഥയുളളപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയ ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കാനുളള തീരുമാനമാണ് ഇന്നലെ മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്.

നഷ്ടപരിഹാരം നല്‍കി ഭൂമി തിരിച്ചുപിടിക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിലും അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാരും ടീകോമും തമ്മിലുള്ള പൊതു ധാരണ പ്രകാരമാണ് ഭൂമി തിരിച്ചു പിടിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി പദ്ധതിയില്‍ ഒരു പുരോഗതിയുമില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. പദ്ധതി അവസാനിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടതെങ്കിലും തീരുമാനങ്ങളില്‍ സുതാര്യത ഇല്ലന്നെതാണ് സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*