എല്ലാ സന്തോഷങ്ങളും മധുരത്തോടെ ആഘോഷിക്കുന്ന പതിവാണ് നമുക്കുള്ളത്. അത് കേക്കിന്റേയും ലഡുവിന്റേയുമൊക്കെ രൂപത്തിലാണ്. എല്ലാത്തിനും സമീപിക്കുന്നത് ബേക്കറികളേയും, സ്വന്തമായി ഇതെല്ലാം തയാറാക്കുന്നവർ ചുരുക്കമാണുതാനും. എന്നാല്‍, ഇത്തരം ബേക്കറികളില്‍ നിർമ്മിക്കുന്ന പല ഉത്പന്നങ്ങളിലും അർബുദത്തിന് കാരണമാകുന്ന പദാർഥങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വിഭാഗമാണ് 12 കേക്ക് സാമ്പിളുകളില്‍ ഇത്തരത്തിലുള്ള പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. 235 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ശരീരത്തിന് അനുയോജ്യമല്ലാത്ത രാസവസ്തുക്കളും കൃത്രിമ കളറുകളും ചേർക്കുന്നതിനെതിരെ ഫുഡ് സേഫ്റ്റി കമ്മിഷണർ ശ്രീനിവാസ് കെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അല്ലൂറ റെഡ്, സണ്‍സെറ്റ് യെലൊ എഫ്‌സിഎഫ്, പോണ്‍സൊ 4ആർ, ടർട്രാസിൻ, കാർമോസിൻ എന്നിങ്ങനെയുള്ള കൃത്രിമ കളറുകള്‍ അധികമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍.
കേക്ക് അർബുദത്തിന് കാരണമാകുന്നില്ലെന്നും, അതില്‍ ചേർക്കുന്ന പദാർത്ഥങ്ങളാണ് അപകടമെന്നും ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ സർജിക്കല്‍ ആൻഡ് ഗൈനക്കോളജിക്കല്‍ ഓംഗോളജിയിലെ ലീഡ് കണ്‍സള്‍ട്ടന്റായ ഡോ. സോമശേഖർ എസ് പി പറഞ്ഞു.ചില കൃത്രിമ കളറുകളില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അനുയോജ്യമല്ല.
ഭക്ഷണവുമായി സംയോജിക്കുമ്പോള്‍ അവ കോശങ്ങളിലും ടിഷ്യൂകളിലും ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്നു. ഇത് മസ്തിഷ്കത്തെ സുഷുമ്ന നാഡിയുമായി ബന്ധിപ്പിക്കുന്ന സെറിബെല്ലാം, ബ്രെയിൻസ്റ്റെം ടിഷ്യു എന്നിവയ്ക്കുള്ളിലെ പ്രത്യേക കോശങ്ങള്‍ നശിക്കുന്നതിലേക്ക് നയിക്കും. ഇത് ആമാശയ അർബുദത്തിന് വരെ കാരണമായേക്കുമെന്നും ഡോ സോമശേഖർ പറയുന്നു.
പുനെയിലുള്ള മണിപ്പാല്‍ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനായ പ്രിയങ്ക ബന്ദാലും പറയുന്നത് കൃത്രിമ കളറിന്റെ ഉപയോഗം സുരക്ഷാപരിധി കവിഞ്ഞാല്‍ അവ അർബുദത്തിന് കാരണമാകുമെന്നാണ്. ഫുഡ് കളറുകള്‍ അർബുദം വരാനുള്ള സാധ്യതകളെ വർധിപ്പിക്കുന്നു. വലിയ അളവില്‍ കഴിക്കുമ്പോള്‍ കുട്ടികളില്‍ അത് ഹൈപ്പർആക്ടിവിറ്റിക്ക് കാരണമാകും, ദഹനപ്രശ്നം, അലർജി എന്നിവയുണ്ടാകാനുള്ള സാധ്യതകളും പ്രിയങ്ക തള്ളിക്കളയുന്നില്ല.
പെട്രോളിയത്തില്‍ നിന്ന് ലഭിക്കുന്ന കൃത്രിമ കളറുകള്‍ പല ഭക്ഷണങ്ങളിലും, പ്രത്യേകിച്ച് കുട്ടികള്‍ക്കുള്ളവയില്‍ ചേർക്കുന്നതായി ഡോ. കാർത്തിഗൈസെല്‍വി പറയുന്നു. ബെംഗളൂരുവിലെ ബിജിഎസ് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ നുട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് വിഭാഗത്തിലെ എച്ച്ഒഡിയാണ് ഡോ. കാർത്തിഗൈസെല്‍വി.
കൃത്രിമ നിറങ്ങളും പാർശ്വഫലങ്ങളും
ഗ്രീൻ 3 – മൂത്രാശയ അർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു
യെലൊ 3 – അലർജിക്ക് കാരണമായേക്കാം.
യെലൊ 6 – വൃക്ക, അഡ്രിനാല്‍ ഗ്രന്ഥി എന്നിവയില്‍ അർബുദം വരാൻ സാധ്യതയുണ്ട്.
റെഡ് 3 – തൈറോയിഡ് ട്യൂമറുകള്‍.
Be the first to comment