കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യയ് രാജിവെച്ചു ,ബിജെപിയില്‍ ചേരും

കല്‍ക്കട്ട:കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യയ് രാജിവെച്ചു. മാര്‍ച്ച് ഏഴിന് താന്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മിക്കവാറും മാര്‍ച്ച് ഏഴിന് ഞാന്‍ ബിജെപിയില്‍ ചേരും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഏക ദേശീയ പാര്‍ട്ടി ബിജെപിയാണ്”, അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിനും കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനത്തിനും രാജിക്കത്തിന്റെ കോപ്പികള്‍ കൈമാറി. ഇതിന് ശേഷമാണ് വസതിയില്‍ വാര്‍ത്താ സമ്മേളനം നടത്തി രാജിവച്ച കാര്യം അറിയിച്ചത്. ഭരണകക്ഷിയുടെ പരിഹാസം കാരണമാണ് ഈ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. അവരുടെ പരിഹാസങ്ങളും പ്രസ്താവനകളും ഈ നടപടി സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

ഭരണകക്ഷി എന്നെ പലതവണ അപമാനിച്ചിട്ടുണ്ട്. അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അവരുടെ വക്താക്കള്‍ എന്നെ ആക്രമിച്ചു. വിദ്യാഭ്യാസമില്ലാത്തതിന്റെ പ്രശ്‌നം അവര്‍ക്കുണ്ട്”, അദ്ദേഹം പറഞ്ഞുതാന്‍ ജുഡീഷ്യറിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ഞായറാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. ”കളത്തിലിറങ്ങി പോരാടാന്‍ ഭരണകക്ഷി നേതാക്കള്‍ പലതവണ എന്നെ വെല്ലുവിളിച്ചിട്ടുണ്ട്. അവരുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു. വിശാല ബെഞ്ചുകളുടെ ഉത്തരവുകള്‍ അവഗണിച്ചും ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയും സുപ്രീംകോടതി രജിസ്ട്രിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും പലതവണ വിവാദങ്ങളില്‍ നിറഞ്ഞ ജഡ്ജിയാണ് അദ്ദേഹം.

Be the first to comment

Leave a Reply

Your email address will not be published.


*