സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ കെ എസ് ആർ ടി സി ബസുകൾ ഉൾപ്പടെ എല്ലാ ബസുകളിലും മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28 ന് മുന്‍പായി ക്യാമറകള്‍ ഘടിപ്പിക്കണം. ഇതിനായുളള ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു കൂടാതെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്നുണ്ടാവുന്ന അപകട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് മന്ത്രി തീരുമാനങ്ങള്‍ അറിയിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

മത്സരയോട്ടം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റർ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച നിർദേശം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാ൯ ബസുടമകളോട് മന്ത്രി ആവശ്യപ്പെട്ടു. ബസിൽ ജോലിക്കായി നിയോഗിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസ൯സ് നമ്പർ തുടങ്ങിയ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് നൽകണം. ബസിനകത്തും പ്രസക്തമായ വിവരങ്ങൾ പ്രദർശിപ്പിക്കണം. യാത്രക്കാർക്കും പൊതുജനങ്ങൾക്കും പരാതി നൽകുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാർച്ച് ഒന്നിന് മുമ്പായി ഇവ നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*