കോട്ടയത്ത് കെ എം മാണിയുടെ മരുമകൻ? ഫ്രാൻസിസ് ജോർജിനെതിരെ കേരള കോണ്‍ഗ്രസില്‍ പടനീക്കം

കോട്ടയം: കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം വെട്ടാന്‍ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും കെ എം മാണിയുടെ മരുമകനുമായ എം പി ജോസഫിനെ ഇറക്കി ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍. കെ എം മാണിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ മല്‍സരിക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് എം പി ജോസഫിനെ അനുകൂലിക്കുന്നവരുടെ പക്ഷം. 

കെ എം ജോര്‍ജിന്‍റെ മകനെ വെട്ടാന്‍ കെഎം മാണിയുടെ മരുമകന്‍. കോട്ടയം സീറ്റില്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് മറുപക്ഷത്തിന്‍റെ മിന്നല്‍ നീക്കങ്ങള്‍. ദീര്‍ഘകാലം ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്ത് മല്‍സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് എം പി ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വത്തിനായി വാദിക്കുന്നവരുടെ പക്ഷം. കെഎം മാണിയുടെ കുടുംബാംഗങ്ങളിലൊരാള്‍ മല്‍സരിച്ചാല്‍ മാണി ഗ്രൂപ്പ് വോട്ടുകള്‍ പോലും അനുകൂലമാകുമെന്ന വാദവും എംപി ജോസഫ് അനുകൂലികള്‍ മുന്നോട്ടു വയ്ക്കുന്നു. 

മോന്‍സ് ജോസഫും ജോയ് എബ്രഹാമും ഉള്‍പ്പെടെ കോട്ടയത്തെ നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂലമല്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്. പിസി തോമസിനെ മല്‍സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യമില്ലെന്ന സൂചനകളും ശക്തം. ഇവിടെയാണ് എം പി ജോസഫിന്‍റെ പേരിന് പ്രസക്തിയേറുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*