വ്യായാമം ഹാർട്ട് അറ്റാക്കിനു കാരണമാകുമോ?

സ്ഥിരമായി ജിമ്മിൽ പോവുകയും ശരീരം ആകർഷകമായി സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നവരെ ആരോഗ്യമുള്ളവർ എന്ന് കരുതുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ ഈയടുത്തായി ഏറെ ചർച്ച ചെയ്യപ്പെടുന്നത്  ജിമ്മിൽ വച്ച് ഹൃദയാഘാതം വന്നു മരിക്കുന്ന യുവാക്കളുടെയോ മധ്യവയസ്കരുടെയോ വാർത്തകളാണ്. ആവശ്യമായ വ്യായാമം ലഭിക്കാത്തവരുടെ ഹൃദ്രോഗ സാധ്യത, ശരിയായ വ്യായാമം ചെയ്യുന്നവരേക്കാൾ അൻപതു ശതമാനത്തോളം കൂടുതലാണ് എന്നാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

നടത്തം പോലുള്ള മിതമായ വ്യായാമങ്ങൾ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഹൃദ്രോഗ കാരണങ്ങളായി കണ്ടുവരുന്ന പ്രമേഹ സാധ്യത കുറയ്ക്കുക, ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവയാണ് മിതമായ വ്യായാമങ്ങൾ ചെയ്യുന്നത് കൊണ്ടുള്ള നേട്ടം. വ്യായാമത്തോളം തന്നെ ഹൃദയ രക്ഷയ്ക്ക് പ്രധാനമാണ് ശരിയായ ആഹാര രീതിയും, ആവശ്യമായ ഉറക്കവും. ഹൃദ്രോഗത്തിനു കാരണമാകുന്ന അപകട ഘടകങ്ങളെ (risk factors) നിയന്ത്രിക്കുവാനോ, മാറ്റം വരുത്തുവാനോ വ്യായാമം കൊണ്ട് സാധിക്കും എന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ക്ലിനിക്കൽ ആൻഡ് റിസർച്ച് എക്സർസൈസ് ഫിസിയോളജി വിഭാഗം ഡയറക്ടർ ആയ ഡോ.കെറി സ്റ്റുവർട്ട് പറയുന്നു. ഹൃദ്രോഗത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് പുകവലിയാണെന്നും, സ്ഥിരമായി വ്യായാമത്തിൽ ഏർപ്പെടുന്നവർ പുകവലി പോലുള്ള ദുശ്ശീലങ്ങളിൽ ചെന്ന് പെടാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ പുകവലി ശീലമാക്കിയവർ വ്യായാമത്തിൽ ശ്രദ്ധിക്കുന്നതോടെ ആ ദുശ്ശീലം ഉപേക്ഷിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജോഗിങ്, നീന്തൽ, നടത്തം, സൈക്ലിംഗ് തുടങ്ങിയ ശ്വസന, രക്തചംക്രമണ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന തരം എയറോബിക് വ്യായാമങ്ങളും (aerobic exercise) മസിൽ ദൃഢപ്പെടുത്തുവാനായി ചെയ്യുന്ന മിതമായ വെയ്റ്റ് ലിഫ്റ്റിംഗ്‌ (weight lifting) പോലുള്ള ജിമ്മുകളിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള റെസിസ്റ്റൻസ് ട്രെയിനിങ്ങും (resistance training) സംയോചിപ്പിച്ചു ക്രമീകരിക്കുന്ന വ്യായാമ ക്രമങ്ങൾ (exercise protocol) ഹൃദ്രോഗം നിയന്ത്രിച്ചു കൊണ്ടുപോകാൻ മികച്ചതാണെന്ന് അമേരിക്കൻ ഹാർട്ട് അസ്സോസ്സിയേഷനും അമേരിക്കൻ കോളേജ് ഓഫ് സ്പോർട്സ്  മെഡിസിനും സംയുക്തമായി അംഗീകരിക്കുന്നുണ്ട്.

കുറഞ്ഞത്  മുപ്പതു മിനിറ്റ് എയറോബിക് എക്സർസൈസ് ആഴ്ചയിൽ അഞ്ചു ദിവസവും മിതമായ വെയ്റ്റ് ലിഫ്റ്റിംഗ്‌ ആഴ്ചയിൽ രണ്ടു തവണയും ചെയ്യുന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ട ഹൃദയ സൗഹാർദ്ദപരമായ ഒരു വ്യായാമ ക്രമം. ഓരോ ശരീരത്തിനും അതിന്റേതായ പരിധികൾ ഉണ്ട്. ഓരോ അവയവങ്ങൾക്കും അങ്ങനെ തന്നെ. ഹൃദയത്തിന്റെ ടാർഗറ്റ് ഹാർട്ട് റേറ്റ് (target heart rate), അഥവാ സുരക്ഷിതമായ ഹൃദയമിടിപ്പ് വേഗം നിർവ്വചിക്കുന്നതും ആ പരിധിയെയാണ്. ഓരോ മനുഷ്യനും അത് വ്യത്യസ്തമാവും. ടാർഗറ്റ് ഹാർട്ട് റേറ്റിന് മുകളിലേക്ക് കടക്കുന്ന തീവ്രമായ മസിൽ ബിൽഡിംഗ് എക്സർസൈസുകളും, ശരീരത്തിന് മതിയായ വിശ്രമം കൊടുക്കാതെയുള്ള റെസിസ്റ്റൻസ് ട്രെയിനിങ്ങുകളും ആണ് ജിമ്മുകളിൽ അപ്രതീക്ഷിതമായെത്തുന്ന ഹാർട്ട് അറ്റാക്കുകളുടെ പ്രധാന കാരണം. ജിമ്മിൽ ചേരുന്നതിനു മുൻപ് നിങ്ങളുടെ ഹൃദയത്തിന്റെ കഴിവിന് അനുസരിച്ചുള്ള ടാർഗറ്റ് ഹാർട്ട് റേറ്റ് നിശ്ചയിക്കുവാൻ നിങ്ങളുടെ ഡോക്ടറുടെയോ അല്ലെങ്കിൽ പരിശീലനം ലഭിച്ച ഒരു ട്രെയ്‌നറുടെയോ സഹായം തേടാവുന്നതാണ്. ടാർഗറ്റ് ഹാർട്ട് റേറ്റിന് മുകളിൽ പോകാതെ വ്യായാമം ക്രമീകരിക്കുക വഴി ഹൃദയത്തിനു വ്യായാമം കൊണ്ട് അമിത സമ്മർദ്ദം കൊടുക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാകും.

മിതമായ സ്ഥിര വ്യായാമം പതിവാക്കിയവരിൽ മൂന്നു മുതൽ ആറു മാസത്തിനുള്ളിൽ തന്നെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി പഠനങ്ങൾ കാണിക്കുന്നു. ശരിയായ വ്യായാമത്തിലൂടെ ഓക്‌സിജൻ ഉപയോഗവും ഹൃദയമിടിപ്പിന്റെ വേഗത ക്രമീകരിക്കപ്പെടുകയും, രക്തസമ്മർദ്ദം കുറയുകയും, ഇതുവഴി ഹൃദയത്തെ കൂടുതൽ പ്രവർത്തനക്ഷമം ആക്കാൻ കഴിയും എന്ന് ഡോ. സ്റ്റുവർട്ട്  പറയുന്നു.

 

 

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*