“കാൻ കോട്ടയം”പദ്ധതി; അതിരമ്പുഴ സബ് സെൻറർ സ്ക്രീനിംഗ് പരിപാടിയുടെ വിളംമ്പര ജാഥ നടത്തി

അതിരമ്പുഴ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന “കാൻ കോട്ടയം ” പദ്ധതിയുടെ അതിരമ്പുഴ സബ് സെൻറർ സ്ക്രീനിംഗ് പരിപാടിയുടെ വിളംമ്പര ജാഥ നടത്തി.

അതിരമ്പുഴ പള്ളി ജംഗ്ഷനിൽ എത്തിയ വിളംബര ജാഥയിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ,  ഹെൽത്ത് ഇൻസ്പെക്ടർമാരായായ കാളിദാസ്, ഷീന, അനൂപ്, അതിരമ്പുഴ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ്, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള അതിരമ്പുഴ, ആർപ്പൂക്കര,നീണ്ടൂർ, കുമരകം, തിരുവാർപ്പ്, അയ്മനം ഗ്രാമപഞ്ചായത്തുകളിൽ ബോധവൽക്കരണം ഊർജിതമാക്കുക, രോഗ നിർണയ ക്യാംപുകൾ സംഘടിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനായി ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും വീടുകളിലെത്തി ചോദ്യാവലി നല്കുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ ഉള്ളവരെ അടുത്തുള്ള സബ് സെൻ്ററിൽ സ്ക്രീനിംഗ് പരിശോധന നടത്തും.രോഗം ഉണ്ട് എന്നു സംശയിക്കുന്നവരെ ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ വീണ്ടും വിദഗ്ദ പരിശോധന നടത്തും. തുടർന്ന് മാർച്ച് 16ന് അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് നടക്കുന്ന മെഗാരോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുപ്പിച്ച് ചികിത്സ ലഭ്യമാക്കും.

കാൻസർ രോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും കാൻസർ ആരംഭത്തിലെ കണ്ടുപിടിക്കുന്നതിനും അതുവഴി മികച്ച ചികിത്സ ഉറപ്പാക്കുവാനും രോഗവ്യാപനം തടയുവാനും ഈ പദ്ധതി സഹായകരമാകും എന്ന് അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*