കാനഡ എന്ന സ്വപ്നം; അറിയാം ഈ രാജ്യത്തെ കൂടുതലായി

ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റസൗഹൃദ രാജ്യമാണ് വടക്കേ ധ്രുവത്തിനടുത്തു സ്ഥിതി ചെയ്യുന്ന കാനഡ. വർഷം 2025 ആകുമ്പോഴേക്കും 500,000 പുതിയ കുടിയേറ്റക്കാരെ (immigrants) സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയാണ് കനേഡിയൻ ഗവൺമെൻറ്. പ്രായഭേദമെന്യേ പതിനായിരങ്ങൾ വർഷം തോറും കനേഡിയൻ മണ്ണിലേക്ക് വരുന്നതിനു കാരണങ്ങൾ നിരവധിയാണ്. എന്തുകൊണ്ടാണ് കാനഡ മലയാളികളുടെ ഇന്നത്തെ തലമുറയ്ക്ക് അഭിമതമാവുന്നതു എന്ന് നോക്കാം.

  • ഉയർന്ന ജീവിത സാഹചര്യം

കേരളത്തിൽ നിന്നും കാനഡയിലേക്ക് കുടിയേറുന്നവർക്ക് ഏറെ ആകർഷകമായ വസ്തുത മെച്ചപ്പെട്ട ജീവിത സാഹചര്യം തന്നെയാണ്. മനോഹരമായ വീടുകൾ, വീടുകളിൽ വാഷർ ഡ്രയർ, എയർ കണ്ടിഷണർ, ഹീറ്റർ, കാർ പാർക്കിംഗ്,  തുടങ്ങിയ സൗകര്യങ്ങളെല്ലാം സാധാരണയാണ്. നല്ല റോഡുകൾ, വൃത്തിയുള്ള ചുറ്റുപാടുകൾ, സൗജന്യവും മികച്ചതുമായ സ്കൂളുകൾ, ബഡ്ജറ്റിന് അനുസരിച്ചുള്ള കാർ ലഭ്യത, അതില്ലെങ്കിൽ ചെലവ് കുറഞ്ഞ വൃത്തിയുള്ള പബ്ലിക് ട്രാൻസ്‌പോർട്, സൗജന്യ ആരോഗ്യപരിരക്ഷ, അന്തരീക്ഷ മലിനീകരണമില്ലാത്ത പ്രകൃതി, ഒച്ചയും ബഹളവും ഇല്ലാത്ത ശാന്തമായ കമ്മ്യൂണിറ്റി ജീവിതം, അപ്രതീക്ഷിത സമരങ്ങളോ ഹർത്താലോ ഇല്ലാത്ത രാജ്യം, മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ സ്വീകാര്യമായ ലൈബ്രറികളും കമ്മ്യൂണിറ്റി വിനോദ കേന്ദ്രങ്ങളും, എല്ലാ കമ്മ്യൂണിറ്റിയിലും മനോഹരമായ പാർക്കുകൾ, സ്നേഹപൂർവ്വം പെരുമാറുന്ന നാട്ടുകാർ, സദാ സഹായ തല്പരരായ നമ്മെ അംഗീകരിക്കുന്ന നമുക്ക് മുന്നേ എത്തിയ മറ്റു കുടിയേറ്റക്കാർ. ചുരുക്കി പറഞ്ഞാൽ ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന, പ്രശ്നങ്ങൾ കുറഞ്ഞ സമാധാനപരമായ ഒരു ജീവിതം.

 

  • കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക് (lower crime rate)

പൊതുവെ സമാധാനപ്രിയരാണ് കനേഡിയൻ ജനത. നിസ്സാര അബദ്ധങ്ങൾക്കു പോലും സോറി പറയാൻ മടിയില്ലാത്ത ഒരു സമൂഹം. ഉന്തും തള്ളും ഒരു സ്ഥലത്തും പ്രതീക്ഷിക്കേണ്ടതില്ല. ബസിലും ട്രെയിനിലും കയറാൻ ക്ഷമയോടെ വരിവരിയായി നിൽക്കുന്ന മനുഷ്യർ സ്ഥിരം കാഴ്ചയാണ്. റോഡുകളിൽ പ്രകോപനപരമായ ഡ്രൈവിംഗ് വിരളമാണ്. മോഷണം, പിടിച്ചുപറി, തല്ലുണ്ടാക്കൽ ഒക്കെ വളരെ കുറവാണ്‌.

  • സർക്കാർ സഹായത്തോടെയുള്ള ഉന്നത പഠനം

സ്റ്റുഡൻറ് വിസയിൽ പഠനത്തിനായി കാനഡയിലേക്ക് പോകുന്നവർക്ക് അതാതു പ്രൊവിൻഷ്യൽ ഗവണ്മെന്റുകൾ ആവശ്യമായ സാമ്പത്തിക സഹായം ലോൺ ആയും ഗ്രാന്റ് ആയും നൽകുന്നുണ്ട്. അഡ്മിഷൻ എടുത്ത യൂണിവേഴ്സിറ്റിയിലോ കോളേജിലോ ഉള്ള സ്റ്റുഡൻറ് കൗൺസിലർമാർ സഹായിക്കുന്നതാണ്. കാനഡയിൽ പഠിക്കുന്ന കുട്ടികൾക്ക് 16 വയസ്സ് മുതൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്‌. ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാനുള്ള അനുവാദം ആണുള്ളത്. മറ്റേതു ജോലിയും പോലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ജോലികൾക്കും പ്രൊവിൻസുകൾ അംഗീകരിച്ചിട്ടുള്ള മിനിമം വേതനം നൽകണം എന്നാണ് നിയമവ്യവസ്ഥ.

 

  • സൗജന്യ ആരോഗ്യപരിരക്ഷ (free healthcare)

കാനഡയിൽ നിയമവിധേയമായി എത്തുന്ന ഏല്ലാവർക്കും ഗവണ്മെന്റ് നൽകുന്ന സൗജന്യ ഹെൽത്ത് കാർഡ് കിട്ടും. ഡോക്ടറെ കാണാനും ആശുപത്രി സേവനങ്ങൾക്കും ഫീസ് ആവശ്യമില്ല. ദന്തിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, തുടങ്ങിയ സ്പെഷ്യലൈസ്ഡ് ചികിത്സകൾക്ക് ഫീസ് കൊടുക്കണമെങ്കിലും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അത് ഇളവ് ചെയ്തുകൊണ്ടുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട ഉദ്യോഗസ്ഥർക്ക് അതാതു തൊഴിൽദാതാക്കൾ നൽകുന്ന പ്രൈവറ്റ് ഇൻഷുറൻസ് പദ്ധതികളും ഉണ്ട്.

 

  • സാമ്പത്തിക സഹായ ക്ഷേമ പദ്ധതികൾ (social welfare benefits)

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥ വന്നാൽ വീണ്ടുമൊന്നു കരകയറുന്നതു വരെ സർക്കാർ സഹായം ഉണ്ടാകും. നിരവധി സാമൂഹിക ക്ഷേമ പദ്ധതികൾ പ്രൊവിൻഷ്യൽ ഗവൺമെന്റും ഫെഡറൽ ഗവൺമെന്റും നടപ്പാക്കുന്നുണ്ട്. ജോലിക്കിടയിൽ അപകടം സംഭവിച്ചോ അല്ലാതെയോ അംഗവൈകല്യം സംഭവിച്ചാൽ ഡിസബിലിറ്റി ബെനിഫിറ്റ് (disability benefit), അസുഖം വന്നാൽ സിക്ക് ബെനിഫിറ്റ് (sick benefit), തുടങ്ങി മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന  ഏതവസ്ഥയിലും ഒരു കൈത്താങ്ങായി സർക്കാർ സംവിധാനങ്ങൾ ഉണ്ടാവും. ഇതിനുപുറമെ അടുത്ത ജോലി കണ്ടെത്തുന്നതിനായി കമ്മ്യൂണിറ്റി സെന്ററുകളുടെ സേവനം ഏതു സമയത്തും സൗജന്യമായി തന്നെ ലഭ്യമാണ്.

 

  • ശിശു സൗഹാർദ രാജ്യം

കുട്ടികളെ വളർത്താൻ ഏറ്റവും അനുയോജ്യമായ രാജ്യമാണ് കാനഡ. കുഞ്ഞുങ്ങളുടെ  അവകാശങ്ങൾക്കുവേണ്ടി ഏതറ്റം വരെയും പോകാൻ ഗവണ്മെന്റ് സംവിധാനങ്ങൾ തയ്യാറാണ്. മാതാപിതാക്കളാണെങ്കിൽ പോലും കുട്ടികളെ തല്ലുന്നത് നിയമപരമായി കുറ്റകൃത്യമാണ്. എല്ലാ കുട്ടികൾക്കും സൗജന്യമാണ് സ്കൂൾ വിദ്യാഭ്യാസം. സ്കൂൾ അഡ്മിഷന് വേണ്ടി വലിയ സംഭാവനകൾ ആവശ്യമില്ല. ഓരോരുത്തരും താമസിക്കുന്ന കമ്മ്യൂണിറ്റിക്കുള്ളിൽ എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും സ്കൂളുകൾ ഉണ്ട്. ക്രിസ്ത്യൻ രാജൃമായിരുന്നതിനാൽ എല്ലാ കമ്മ്യൂണിറ്റിയിലും ഗവണ്മെന്റ് നടത്തുന്ന പബ്ലിക് സ്കൂളുകൾക്ക് പുറമെ കാത്തോലിക് ബോർഡ് സ്കൂളുകളും ഉണ്ടാകും. മാമോദീസ സർട്ടിഫിക്കറ്റ് ഉള്ള കുട്ടികൾക്ക് മാത്രമാണ് ഹൈസ്കൂൾ വരെ കാത്തോലിക് സ്കൂളുകളിൽ അഡ്മിഷൻ കിട്ടുക. സ്കൂളുകളിൽ റാങ്ക് സമ്പ്രദായം ഇല്ല. ഒരു കുട്ടിക്ക് കിട്ടുന്ന മാർക്ക് മറ്റൊരു കുട്ടിയും അറിയില്ല. റിപ്പോർട്ട് കാർഡ് ഒട്ടിച്ച കവറുകളിലാക്കി നേരിട്ട് മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുന്ന രീതിയാണ് കാനഡയിലെ സ്കൂളുകളിൽ. അതുകൊണ്ടു തന്നെ പഠനവിഷയത്തിൽ മത്സരം ഇല്ലാത്ത വളരെ സൗഹാർദ്ദപരമായ അന്തരീക്ഷമാണ് സ്കൂളുകളിൽ.

 

  • കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന ജനങ്ങൾ

കാനഡയിലെ ഭൂരിപക്ഷ ജനസംഖ്യ കുടിയേറി വന്നവരുടെ പിന്ഗാമികളായതുകൊണ്ടാവാം, പുതുതായി എത്തുന്നവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നവരാണ് കാനഡക്കാർ. വരുന്നവർ വരുന്നവർ പെട്ടെന്ന് തന്നെ അവരിലൊരാളായി മാറാൻ അധികം സമയം എടുക്കാറില്ല. പൊതുസ്ഥലങ്ങളിലധികവും പുതുതായി വരുന്നവരെ സ്വാഗതം ചെയ്യുന്ന ബോർഡുകൾ കാണാം. സഹായമോ സംശയമോ ചോദിച്ചാൽ ആരും അവഗണിക്കാറുമില്ല.  പുതുതായി കാനഡയിലെത്തിയവരെ നല്ല രീതിയിൽ അധിവസിപ്പിക്കുവാനും യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി കണ്ടുപിടിക്കുവാനുമെല്ലാം ഗവണ്മെന്റ് സ്‌പോൺസേർഡ് ആയ ധാരാളം സംഘടനകൾ എല്ലാ സിറ്റികളിലും സൗജന്യമായി പ്രവർത്തിക്കുന്നുണ്ട്.

 

  • വൃത്തിയുള്ള പരിസരവും കുറഞ്ഞ മലിനീകരണവും

നാട്ടിൽ നിന്നും കാനഡയിലെത്തുന്നവർ ആദ്യം ശ്രദ്ധിക്കുക  അവിടുത്തെ പ്രകൃതിയുടെ  തെളിഞ്ഞ ഭംഗിയും, ശുദ്ധമായ വായുവുമാണ്. ഉച്ചഭാഷിണികളുടെ ശല്യം തീരെ ഇല്ല. വാഹനങ്ങൾ ഹോൺ അടിക്കുന്നത് വളരെ അത്യാവശ്യമുള്ളപ്പോൾ മാത്രമാണ്. റോഡുകളിലും താമസസ്ഥലങ്ങളിലും അനാവശ്യ ശബ്ദവും ബഹളവും സാധാരണമല്ല. ചപ്പുചവറുകൾ റോഡുകളിലോ മറ്റു പൊതുസ്ഥലങ്ങളിലോ ആരും വലിച്ചെറിയാറില്ല. തരം തിരിച്ചിടാവുന്ന വേസ്റ്റ് കൂടകൾ എല്ലായിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ടാവും. ബസുകളും ട്രെയിനുകളും, അവയുടെ സ്റ്റേഷനുകളും, ആശുപത്രികളും, സ്കൂളുകളും എന്ന് വേണ്ട ഏതു കെട്ടിടവും പൊതു സ്ഥലമായാലും അല്ലെങ്കിലും വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിധം വൃത്തിയായി സൂക്ഷിക്കുന്നു.

  • മികച്ച റോഡുകളും ട്രാഫിക് സിസ്റ്റവും

കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ജനതയാണ് കാനഡയിലുള്ളത്. നോർത്ത് അമേരിക്കൻ വാഹനങ്ങളുടെ ഇടതുവശത്താണ് ഡ്രൈവിംഗ് സീറ്റ്. പ്രധാനപ്പെട്ട എല്ലാ സിഗ്നലുകളിലും ക്യാമറ ഉണ്ടാകും.  അമിത വേഗത, സ്കൂൾ ബസുകൾക്കു റോഡിൽ അനുവദിച്ചിട്ടുള്ള പ്രത്യേകാധികാരം അവഗണിക്കുക, സിഗ്‌നലുകൾ ശ്രദ്ധയില്ലാതെ കടക്കുക, തുടങ്ങിയുള്ള  എല്ലാ ട്രാഫിക് ലംഘനങ്ങൾക്കും വണ്ടിയുടെ ചിത്രം സഹിതം തെളിവോടു കൂടി പിഴ അടയ്ക്കാനുള്ള രസീത് വീട്ടിലെത്തും. നിശ്ചിത തവണയിൽ കൂടുതൽ ട്രാഫിക് ലംഘനങ്ങൾ ഒരാളുടെ ലൈസൻസിൽ രേഖപ്പെടുത്തിയാൽ, ലൈസൻസ് റദ്ദുചെയ്യുക വരെ ട്രാഫിക് നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡിൽ അടയാളപ്പെടുത്തിയിട്ടുള്ള ലെയ്നുകൾക്കുള്ളിലൂടെ വാഹനങ്ങൾ വരിയായി പോകുന്നത് ഒരു കാഴ്ച തന്നെയാണ്. നാട്ടിലെ റോഡുകളിൽ പോകുന്ന പോലെ മുട്ടി മുട്ടിയില്ലെന്നുള്ള രീതിയിൽ കാനഡയിലെ റോഡുകളിൽ വാഹനങ്ങൾ പോകില്ല. സിഗ്നലിൽ നിർത്തുമ്പോഴും ഒരു കാറിനു കടന്നുപോകാനുള്ള അകലം ഇട്ടിട്ടേ വണ്ടികൾ നിർത്താറുള്ളൂ. സാധാരണക്കാരൻറെ വാഹനം കാറും പണക്കാരുടെ വിനോദ വാഹനവുമാണ് ബുള്ളെറ്റ് പോലുള്ള ഇരുചക്രവാഹനങ്ങൾ. കാറുകളെ സ്നേഹിക്കുന്ന, ഡ്രൈവിംഗ് പാഷൻ ആയവരുടെ സ്വർഗ്ഗമാണു കനേഡിയൻ ഹൈവേകൾ.

  • സുതാര്യമായ ഇടപാടുകൾ

എന്ത് കാര്യം നടത്താനും ഓഫീസുകളിൽ കയറി ഇറങ്ങി ബുദ്ധിമുട്ടേണ്ട അവസ്ഥ കാനഡയിൽ സാധാരണ സംഭവിക്കാറില്ല. ഗവണ്മെന്റ് സ്ഥാപനമായാലും പ്രൈവറ്റ് സ്ഥാപനമായാലും ഇമെയിൽ വഴി ഉള്ള അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടി 24 മുതൽ 72 മണിക്കൂറിനുള്ളിൽ കിട്ടും. അത്യാവശ്യമാണെങ്കിൽ ഫോണിൽ വിളിക്കാം. സംശയമാണെങ്കിലോ പരാതിയാണെങ്കിലോ അത് ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചാൽ പരിഹാരം സാധ്യമാണ്.

 

  • പ്രകൃതി സ്നേഹികളുടെ പറുദീസ

ഭൂമിയിലെ നാലു ഋതുക്കളും അതിന്റെ ഏറ്റവും മനോഹരമായ അവസ്ഥയിൽ കാണാൻ കഴിയുന്ന ഒരു രാജ്യം കൂടിയാണ് കാനഡ. Spring (വസന്തം), Summer (ഗ്രീഷ്മം, അഥവാ വേനൽ), Fall (ശരത്കാലം), Winter (ശൈത്യകാലം) എന്നിങ്ങനെ നാല് ഋതുക്കളും കൃത്യമായി കടന്നുപോകുന്നതു കണ്ടും അതിനനുസരിച്ചു തയ്യാറെടുത്തു ജീവിക്കുന്നതും ഒരനുഭവം തന്നെയാണ്. മഞ്ഞു മൂടി തണുത്തുറഞ്ഞു കിടന്നിരുന്ന ഭൂമി യിലെ മരങ്ങളെല്ലാം പെട്ടെന്നൊരു ദിവസം പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കും. പൂക്കൾ കൊഴിയുന്നതോടെ പച്ചപ്പ്‌ നിറഞ്ഞ പ്രകൃതിയുടെ വരവാണ്. മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ പച്ചപ്പ്‌ നിറം മാറി മഞ്ഞയും ഓറഞ്ചും ചുമപ്പുമായി മാറി, പതിയെ ബ്രൗൺ നിറത്തിലുള്ള ഇലകളായി പൊഴിഞ്ഞു വീഴും. ശക്തിയേറിയ കാറ്റുമായി വരുന്ന ശരത്കാലത്തിനു വിരാമമിട്ടുകൊണ്ട് നവംബറിൽ മഞ്ഞു മഴ എത്തുകയായി. പ്രകൃതിയെ സ്നേഹിക്കുന്നവർക്കൊരു വിരുന്നാണ് കാനഡയിലെ ഋതുഭേദങ്ങൾ. 

 

ഇനി കാനഡയുടെ സ്വീകാര്യത കുറയ്ക്കുന്ന കുറച്ചു കാര്യങ്ങൾ നോക്കാം.

 

  • തീവ്രത കൂടിയ ശൈത്യം

ഇന്ത്യക്കാർ അധികമായുള്ള ഒന്റാരിയോവിൽ (Ontario) നവംബർ അവസാനമാകുമ്പോൾ തുടങ്ങി ഏപ്രിൽ വരെ നീളുന്ന തണുത്തുറഞ്ഞ ശൈത്യകാലമാണ്. ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തുടർച്ചയായോ ഇടവിട്ടോ മഞ്ഞുവീഴും. കാനഡയിലെ മറ്റു പ്രൊവിൻസുകളിൽ ചിലതിൽ ശൈത്യം കൂടിയും ചിലയിടങ്ങളിൽ കുറവുമായിരിക്കും. ചില സമയങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെയൊക്കെ തണുപ്പ് എത്താറുണ്ട്. കാനഡയിലെത്തി ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ ഒരു വിധം ആൾക്കാരെല്ലാം കാലാവസ്ഥയുമായി പൊരുത്തപെട്ടുപോകാറുണ്ട്. തണുപ്പ് സഹിക്കാൻ പറ്റാതെ അമേരിക്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും തിരിച്ചു നാട്ടിലേക്കോ തന്നെയും പോകുന്ന മലയാളി കുടുംബങ്ങളെയും കാണാറുണ്ട്.

 

  • നാട്ടിൽ നിന്നുമുള്ള ദൂരം

കാനഡയിലേക്ക് കൂടിയേറുന്നവരെ ഏറ്റവും കൂടുതൽ ആകുലപ്പെടുത്തുന്ന ഒരു വിഷയം നാട്ടിലേക്കുള്ള ദൂരമാണ്. പ്രായമായ മാതാപിതാക്കൾ നാട്ടിലുണ്ടെങ്കിൽ ടെൻഷൻ കൂടും. ഒരാവശ്യം വന്നാൽ എത്തിപ്പെടാൻ 20 മണിക്കൂറെങ്കിലും യാത്ര ചെയ്യണം. പെട്ടെന്ന് ഒരു യാത്ര വേണ്ടി വന്നാൽ എമർജൻസി ആയി ഫ്ലൈറ്റ് ടിക്കറ്റ്‌ കിട്ടാനുള്ള ബുദ്ധിമുട്ട് ടെൻഷൻ ഇരട്ടിയാക്കും. ദൂരം കൂടുതലായതിനാൽ യാത്ര ചിലവും കൂടുതലാണ്. ഒരു തവണ കാനഡയിൽ നിന്ന് നാട്ടിലേക്കു പോയിട്ട് മടങ്ങി വരാൻ ഇന്നത്തെ നിരക്കിൽ കുറഞ്ഞത് ഒരു ലക്ഷവും മുപ്പത്തിരണ്ടായിരം രൂപയുമാകും. ഒരു കുടുംബത്തിൽ നാലു പേരുണ്ടെങ്കിൽ ഏല്ലാവർക്കും ഒന്നിച്ചു പോയി വരാൻ ഏകദേശം അഞ്ചര ലക്ഷം രൂപ കരുതണം.

 

  • ജീവിത ചിലവ്

പ്രധാനപ്പെട്ട സിറ്റികൾ ഉള്ള ഒന്റാരിയോ (Ontario), ക്യുബെക് (Quebec) തുടങ്ങിയ പ്രൊവിൻസുകളിൽ ജീവിത ചിലവ് കൂടുതലാണ്. വരുമാനത്തിൻറെ വലിയൊരു ശതമാനം ടാക്‌സ് അടക്കേണ്ടി വരുന്നതാണ് പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഭേദപ്പെട്ട ജീവിത നിലവാരം നിലനിർത്താൻ നല്ല വരുമാനമുള്ള ജോലിതന്നെ വേണം. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന കുടുംബങ്ങൾ ഇവിടങ്ങളിൽ സർവസാധാരണമാണ്. രണ്ടു ജോലി എടുക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ജീവിത ചിലവ് കുറഞ്ഞ ന്യൂ ബ്രൺസ്വിക്ക് (New Brunswick), നോവ സ്കോഷ്യ (Nova Scotia), പ്രിൻസ് എഡ്‌വേഡ്‌ ഐലൻഡ് (Prince Edward Island) തുടങ്ങിയ പ്രൊവിൻസുകളും കാനഡയിൽ ഉണ്ട്.

 

  • യോഗ്യതയ്ക്കു അനുസരിച്ചുള്ള തൊഴിൽ കിട്ടാനുള്ള ബുദ്ധിമുട്ട്

കാനഡയിൽ ലാൻഡ് ചെയ്ത ഉടനെ തന്നെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി കിട്ടാൻ ഭാഗ്യം തുണയ്ക്കണം. ജോലിയ്ക്കുള്ള ഓഫറുമായി ലാൻഡ് ചെയ്യുന്നവരുടെ കാര്യമല്ല പറയുന്നത്. എന്നാൽ അധികം ബുദ്ധിമുട്ടാതെ നല്ല വരുമാനമുള്ള ജോലി കിട്ടുന്ന ഒരു വിഭാഗം, കമ്പ്യൂട്ടർ എൻജിനീയർമാരും IT വിദഗ്ധരുമാണ്. വേറെ ഏതു പ്രൊഫെഷണലിൽ ഉള്ളവരാണെങ്കിലും കുറച്ചു പരിശ്രമിച്ചാൽ മാത്രമേ ഉദ്ദേശിച്ച ജോലിയിൽ എത്തിച്ചേരാൻ കഴിയുകയുള്ളു. മെഡിസിൻ, ഡെന്റിസ്റ്ററി, ഫിസിയോതെറാപ്പി, നഴ്സിംഗ്, ലാബ് ബയോടെക്നോളജി, പോലുള്ള പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞു പോകുന്നവർ കാനഡയിലെ അതാതു റെഗുലേറ്ററി അതോറിറ്റിയുടെ   രജിസ്ട്രേഷൻ എടുക്കുവാനാവശ്യമുള്ള ബ്രിഡ്ജിങ് കോഴ്സ് (Bridging Course) എടുത്തു അവരുടെ യോഗ്യത പരീക്ഷ ജയിച്ച ശേഷമേ പ്രാക്ടീസ് ചെയ്യാനോ ജോലിക്കു പരിഗണിക്കപ്പെടാനോ പോലുമുള്ള അംഗീകാരം കിട്ടുകയുള്ളൂ. കോഴ്സ് അനുസരിച്ചു അതിനുള്ള കാലതാമസം ചിലപ്പോൾ ആറ് മാസം മുതൽ അഞ്ചു വർഷം വരെ ആകാം. ആ കാലയളവിൽ പിടിച്ചുനിൽക്കാനായി പലരും താഴ്ന്ന ജോലികൾ ചെയ്യുന്നതും സാധാരണയാണ്. വാൾമാർട്ടുകളിലെ ക്യാഷ് കൗണ്ടറിലും സെയിൽസ് ഫ്‌ളോറിലും ടിം ഹോർട്ടൻസിലും മക്‌ഡൊണാൾഡ്‌സ്‌ലും ഒക്കെ ഭാരതീയരായ ഭാവി വക്കീലന്മാരെയും  ഡോക്ടർമാരെയും നഴ്‌സുമാരെയും ഡന്റിസ്റ്റുകളെയും ഒക്കെ നമ്മൾ പരിചയപ്പെട്ടെന്നിരിക്കും.  

 

പുതിയൊരു ജീവിതം ഒറ്റയ്ക്കോ അതോ പങ്കാളിയുമായോ കെട്ടിപ്പടുക്കാൻ ആത്മവിശ്വാസവും കഴിവും വിദ്യാഭ്യാസ യോഗ്യതയും കൈമുതലായുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു ജീവിതം സ്വന്തമാക്കുവാൻ കാനഡ എന്ന രാജ്യം സദാ സന്നദ്ധമായി നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*