ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കാനഡ; മൂന്ന് കോൺസുലേറ്റകളിലെ പ്രവർത്തനം താത്കാലികമായി നിർത്തി

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ രൂക്ഷമായ തർക്കത്തിന് ഒടുവിൽ ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷാപരിരക്ഷ ഇന്ത്യ എടുത്തുമാറ്റുമെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാഗങ്ങളെയും കാനഡ തിരികെ വിളിച്ചത്.

21 നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ഇന്ത്യയിൽ അവശേഷിക്കുന്നത്. നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് കനേഡിയൻ വിദേശകാര്യ വകുപ്പ് മന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും ഈ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും മെലാനി ചൂണ്ടിക്കാട്ടി.

ഇക്കാരണങ്ങളാൽ ചണ്ഡീഗഢിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താൽക്കാലികമായി നിർത്തേണ്ടി വന്നെന്നും മന്ത്രി പറഞ്ഞു. കനേഡിയൻ മണ്ണിൽ നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ-കാനഡ തർക്കം ആരംഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*