ഡിസ്‌കവറി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കനേഡിയൻ നടൻ കെന്നത്ത് അലക്‌സാണ്ടർ അന്തരിച്ചു

സ്റ്റാർ ട്രെക്ക്: ഡിസ്കവറി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കനേഡിയന്‍ നടന്‍ കെന്നത്ത് അലക്സാണ്ടർ മിച്ചല്‍ അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ് (എഎല്‍എസ്) എന്ന രോഗാവസ്ഥയെ തുടർന്നാണ് മരണം.  49 വയസായിരുന്നു.  2018ലാണ് കെന്നത്ത് എഎല്‍എസ് ബാധിതനാണെന്ന് കണ്ടെത്തിയത്. കെന്നത്തിന്റെ കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്.

കെന്നത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച പ്രസ്താവനയില്‍ രോഗത്തോടുള്ള അഞ്ചര വർഷത്തെ പോരാട്ടം വിവരിക്കുന്നുണ്ട്.  നിരവധി വെല്ലുവിളികളുണ്ടായിട്ടും അസാമാന്യ അർപ്പണബോധം കെന്നത്ത് പ്രകടിപ്പിച്ചു, ഓരോ നിമിഷവും സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

“അഞ്ചര വർഷത്തോളം എഎല്‍എസിന്റെ ഭയാനാകമായ വെല്ലുവിളികളെയാണ് കെന്‍ നേരിട്ടത്.  കെന്‍ ശൈലിയില്‍ തന്നെ അത് അതിജീവിക്കാനും ശ്രമിച്ചു.  ജീവിതത്തിന്റെ ഓരോ നിമിഷവും സന്തോഷം കണ്ടെത്തി. ജീവിതത്തില്‍ ലഭിക്കുന്ന ഓരോ ദിനവും ഒരു സമ്മാനമായാണ് കെന്‍ കണക്കാക്കിയിരുന്നത്,” പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

എന്താണ് എഎല്‍എസ്?

തലച്ചോറിനേയും സുഷുമ്ന നാഡീകോശങ്ങളേയും ബാധിക്കുന്ന ന്യൂറോളജിക്കല്‍ രോഗമാണ് എഎല്‍എസ്.  കാലക്രമേണ രോഗം പേശികളേയും ബാധിക്കുന്നു. എഎല്‍എസിലേക്ക് നയിക്കുന്ന കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.  ചിലപ്പോള്‍ പാരമ്പര്യമായും സംഭവിച്ചേക്കാമെന്ന് വിദഗ്ദ അഭിപ്രായമുണ്ട്. ലൂ ഗെഹ്രിഗ് രോഗമെന്നും എഎല്‍എസ് അറിയപ്പെടുന്നു.  അമേരിക്കന്‍ ബേസ്‌ബോള്‍ താരം ലൂ ഗെഹ്രിഗ് എഎല്‍എസ് ബാധിച്ച് മരണപ്പെട്ടതിനെ തുടർന്നാണിത്.

രോഗലക്ഷണങ്ങള്‍

കൈ കാലുകളില്‍ ബലഹീനത, വിറയല്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.  സംസാരിക്കാനും ചവയ്ക്കാനുമുള്ള ബുദ്ധിമുട്ടുകളും പ്രാരംഭ ലക്ഷണങ്ങളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*