
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കാനഡ. ആക്രമണം മനുഷ്യരാശിക്കും വിശ്വാസത്തിനുമെതിരായ കിരാതമായ ആക്രമണമെന്ന് കാനഡ പ്രതികരിച്ചു. ബുദ്ധിശൂന്യവും ക്രൂരവുമായ ഈ ആക്രമണത്തില്‍ നടുങ്ങിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നി എക്‌സില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവും സാധാരണക്കാരും വിനോദസഞ്ചാരികളുമാണെന്നും ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ കാനഡ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം എക്‌സില്‍ എഴുതി.
കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ ലോകരാജ്യങ്ങള്‍ മൗനം പാലിക്കരുതെന്നും കുറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തക്കതായ ശിക്ഷ നല്‍കണമെന്നും കാനഡ സെനേറ്റര്‍ ലിയോ ഹൗസക്കോസും എക്‌സില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ പഹല്‍ഗാമില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളിലേക്ക് രാജ്യം കടക്കുകയാണ്. ഡല്‍ഹിയിലെ പാക്കിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനുള്ള ഔദ്യോഗിക അറിയിപ്പ് കൈമാറി. പാക്കിസ്ഥാന്റെ എക്‌സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ഡല്‍ഹിയില്‍ വൈകിട്ട് ആറിന് നടക്കും.
Be the first to comment