ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നു; അപകടകരമെന്ന് കാനഡ

ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനാണ് അപകടം നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“നിജ്ജാറിന്റെ കൊലപാതകം ഞങ്ങൾ വളരെ ഗൗരവമായി എടുത്ത കാര്യമാണ്. നിയമപാലകരും അന്വേഷണ ഏജൻസികളും അവരുടെ ജോലി ചെയ്യുന്നത് തുടരുന്നതിനാൽ ഞങ്ങൾ എല്ലാ സഖ്യകക്ഷികളുമായും നല്ലരീതിയിൽ പ്രവർത്തിക്കും. കാനഡ എല്ലായ്പ്പോഴും നിയമവാഴ്ചയ്ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണ്. വലിയ രാജ്യങ്ങൾക്ക് അന്താരാഷ്ട്ര നിയമം ലംഘിക്കാൻ കഴിയുമെങ്കിൽ, അത് ലോകത്തെ കൂടുതൽ അപകടത്തിലാക്കും.”- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മറ്റൊരു രാജ്യത്തെ നയതന്ത്ര പ്രതിനിധിക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഒരു രാജ്യം തീരുമാനിക്കുമ്പോള്‍ അന്താഷ്ട്ര ബന്ധങ്ങള്‍ കൂടുതല്‍ അപകടത്തിലാവുകയാണ്. പക്ഷേ, ഇന്ത്യയുമായി ക്രിയാത്മകമായി ഇടപെടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതിനിയും തുടരും. ഈ സമയത്ത് ഇത്തരമൊരു പോരാട്ടം ഞങ്ങള്‍ ആഗ്രഹിച്ചതല്ല. എന്നാല്‍, ഞങ്ങള്‍ എപ്പോഴും നിയമവാഴ്ചയ്ക്ക് വേണ്ടിനിലകൊള്ളും- ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന ട്രൂഡോയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത വാക്‌പോര് നടന്നിരുന്നു. തുടര്‍ന്ന്, 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഉടന്‍ തിരികെ വിളിക്കണമെന്ന് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നല്‍കി. തുടര്‍ന്ന് 40 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചു. 21 നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ അവശേഷിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*