ചുമയും ചിലപ്പോൾ അർബുദ ലക്ഷണമാകാം, ശരീരം നൽകുന്ന സൂചനകളെ അവ​ഗണിക്കരുത്

ജലദോഷത്തിന്റെയോ പനിയുടെയോ ഭാഗമായി ഉണ്ടാകുന്ന മൂക്കൊലിപ്പ്, ചുമ, അസ്വസ്ഥത എന്നിവ പോലുള്ള സാധാരണ ലക്ഷണങ്ങള്‍ നമ്മളില്‍ മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം രോ​ഗലക്ഷണങ്ങൾ നീണ്ടു നിൽക്കുകയോ വഷളാവുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. ഇതിൽ കാൻസർ ഉൾപ്പെടെയുള്ളവയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.

വിട്ടുമാറാത്ത ചുമ

മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, പ്രത്യേകിച്ച് ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വാസംമുട്ടല്‍, അല്ലെങ്കില്‍ മൂര്‍ച്ചയുള്ള ശബ്ദം എന്നിവ പ്രത്യക്ഷപ്പെട്ടാല്‍ ശ്രദ്ധിക്കണം. ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണിത്. ആന്‌റിബയോട്ടിക്കുകളോടും ചുമ മരുന്നുകള്‍ പോലുള്ള മറ്റ് ചികിത്സകളോടും പ്രതികരിക്കാത്തതിനാല്‍ തൊണ്ടയിലെയും അന്നനാളത്തിലെയും കാന്‍സറുകള്‍ പലപ്പോഴും ഈ രീതിയില്‍ പ്രകടമാകുന്നു.

ശരീരഭാരം കുറയുന്നു

കാരണമില്ലാതെ ശരീരഭാരം പെട്ടെന്ന് കുറയുന്നതായി തോന്നിയാൽ ശ്രദ്ധിക്കണം. പെട്ടെന്നുള്ള, വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയുന്നത് പലപ്പോഴും ആമാശയം, പാന്‍ക്രിയാറ്റിക്, അന്നനാളം, ശ്വാസകോശ അര്‍ബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, കാന്‍സര്‍ കലോറി ചെലവ് ത്വരിതപ്പെടുത്തുകയും ശരീരത്തിന്റെ ഉപാപചയ പ്രക്രിയകളെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

ആവര്‍ത്തിച്ചുള്ള അണുബാധകള്‍ അല്ലെങ്കില്‍ പനി

ആവര്‍ത്തിച്ചുള്ള പനിയോ അണുബാധയോ പിടിപെടുന്നത് രോഗപ്രതിരോധ ശേഷി തകരാറിലായതിന്റെ സൂചനയാണ്. ഉദാഹരണത്തിന്, രക്താര്‍ബുദം അല്ലെങ്കില്‍ ലിംഫോമ, വെളുത്ത രക്താണുക്കള്‍ നിര്‍മിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ നശിപ്പിക്കുന്നു, അതിനാല്‍ വ്യക്തിക്ക് അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അമിതമായ ക്ഷീണം

രക്താര്‍ബുദം, ലിംഫോമ, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ അര്‍ബുദങ്ങള്‍ക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാം. ഇത് പലപ്പോഴും മെറ്റബോളിസത്തിലെ മാറ്റങ്ങളില്‍ നിന്നും രോഗത്തോടുള്ള പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തില്‍ നിന്നും ഉണ്ടാകുന്നു. ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന വിട്ടുമാറാത്ത ക്ഷീണം ഒരിക്കലും അവഗണിക്കരുത്.

ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, തൊണ്ടവേദന

നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന അല്ലെങ്കില്‍ ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ഭക്ഷണം പറ്റിപ്പിടിക്കുന്നതായി തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണയായി തൊണ്ട, അന്നനാളം അല്ലെങ്കില്‍ തൈറോയ്ഡ് കാന്‍സറുകളുടെ ലക്ഷണമാകാം. ഈ കാന്‍സറുകള്‍ നേരത്തെ കണ്ടെത്തിയാല്‍ കൂടുതല്‍ എളുപ്പത്തില്‍ ചികിത്സിക്കാനും രോഗമുക്തി നേടാനും സാധിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*