മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ല: ജസ്റ്റിസ് മണികുമാര്‍

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് മണികുമാര്‍. വ്യക്തിപരമായ അസൗകര്യങ്ങളാല്‍ പദവി ഏറ്റെടുക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. മണികുമാറിന്റെ നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

രാജ്ഭവനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് ഇതുസംബന്ധിച്ച സന്ദേശം കൈമാറിയത്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിട്ടുള്ള മണികുമാറിന്റെ നിയമനത്തിന് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയത്.

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിസ് എസ് മണികുമാര്‍. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിച്ചത്. ജസ്റ്റിസ് മണികുമാറിന് സംസ്ഥാന സര്‍ക്കാര്‍ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയത് വിവാദമായിരുന്നു.

ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെ, നിയമനം നടത്തുന്ന പാനലില്‍ അംഗമായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എതിര്‍ത്തിരുന്നു. പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പും നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും ഭൂരിപക്ഷ തീരുമാനപ്രകാരം മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സമിതി ശുപാര്‍ശ നല്‍കുകയായിരുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*