ക്യാപ്റ്റന്‍; വി പി സത്യന്‍ വിടവാങ്ങിയിട്ട് 18 വര്‍ഷം

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍, തന്നെ കടന്നൊരു പന്തും ഇന്ത്യയുടെ ഗോള്‍ വല കുലുക്കില്ലെന്ന ആത്മവിശ്വാസത്തോടെ കളിക്കളത്തില്‍ നിലയുറപ്പിക്കുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍, ആവശ്യമായപ്പോഴൊക്കെ ടീമിന് വേണ്ടി ഗോളുകള്‍ നേടിയ പ്രതിഭ, വിപി സത്യന്‍.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും മലയാളിയുമായ വിപി സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 18 വര്‍ഷം. 2006 ജൂലൈ 18 നാണ് കേരളം കണ്ട പ്രതിഭാധനനായ ഡിഫന്‍ഡര്‍ ഇഹലോകവാസം വെടിഞ്ഞത്. കേരളത്തിന്റെയും ഇന്ത്യന്‍ ഫുട്‌ബോളിന്റെയും നല്ലകാലത്തെ നിറമുളള ഓര്‍മ്മയാണ് സത്യന്‍. കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ച, കളിക്കളത്തില്‍ നിറഞ്ഞു കളിക്കുന്ന ക്യാപ്റ്റന്‍.

കണ്ണൂര്‍ ജിംഖാന, ലക്കി സ്റ്റാര്‍ എന്നീ ടീമുകളിലൂടെ തുടങ്ങി കേരള പൊലീസ്, മൊഹമ്മദന്‍സ്, മോഹന്‍ ബഗാന്‍, ഇന്ത്യന്‍ ബാങ്ക് എന്നിവയിലൂടെ ദേശീയ ഫുട്ബാളിന്റെ നെറുകിലെത്തി സത്യന്‍. ദേശീയ ടീമിന്റെ ജഴ്‌സിയില്‍ 80 ലധികം മത്സരങ്ങള്‍. തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. കോച്ചിങ്ങിലേക്ക് തിരിഞ്ഞപ്പോഴും വിജയം സത്യനൊപ്പം നിന്നു.

ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ ആയിരുന്നിട്ടും, സമകാലികരായ മറ്റേതു കായികതാരത്തെക്കാളും അര്‍ഹതയുണ്ടായിട്ടുപോലും സത്യനെ തേടി ആദരങ്ങളൊന്നും എത്തിയില്ല. നാല്‍പ്പത്തിയൊന്നാം വയസ്സില്‍ ചെന്നൈയിലെ പല്ലാവരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിന്‍ തട്ടി മഹാനായ ഫുട്‌ബോളര്‍ വിടവാങ്ങി.

ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന ആര്‍ക്കും വി പി സത്യന്‍ എന്ന ഡിഫന്‍ഡറെ മാറ്റി നിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ഫുട്ബോളിന്റെ കഥ പറയാനാകില്ല. ഇന്ത്യയില്‍ കാല്‍പ്പന്ത് ഉരുളുന്നിടത്തോളം കാലം സത്യന്‍ ആ പന്തില്‍ നിറച്ച പ്രാണവായു ഈ രാജ്യത്തിന്റെ ഊര്‍ജമായി നിലനില്‍ക്കും.

Be the first to comment

Leave a Reply

Your email address will not be published.


*