ഗ്വാളിയോര്‍: ഇന്ത്യക്കെതിരായ ഒന്നാം ടി20യിലെ ദയനീയ തോല്‍വിക്ക് ബാറ്റര്‍മാരെ പഴിച്ച് ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ. ഏഴ് വിക്കറ്റിന്റെ പരാജയമാണ് ബംഗ്ലാദേശ് നേരിട്ടത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 132 അടിച്ചെടുത്തു മറികടന്നു.
‘വളരെ മോശമായാണ് ഞങ്ങള്‍ കളിച്ചത് എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കളിക്കുന്നവരാണ് ഞങ്ങള്‍. അതേസമയം ഈ ഫോര്‍മാറ്റില്‍ സമീപ കാലത്ത് മികച്ച പ്രകടനം ഞങ്ങള്‍ക്കില്ല.’
‘വ്യക്തിഗതമായി ഒരു താരത്തെ കുറിച്ചു സംസാരിക്കാന്‍ എനിക്ക് ആഗ്രഹമില്ല. ബാറ്റിങ് സംഘം മികവിലേക്ക് ഉയര്‍ന്നില്ലെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. സ്‌കോറിങ് രീതി ശരിയായ രീതിയില്‍ അല്ലായിരുന്നു. ആക്രമണോത്സുകത വേണ്ട സ്ഥലത്ത് അതു പ്രയോഗിക്കാന്‍ സാധിക്കണം. ചിലപ്പോള്‍ അതിനു മോശം പന്തുകളും തിരഞ്ഞെടുക്കേണ്ടി വരും.
‘ടീമിനെ സംബന്ധിച്ചു ഏറെ ചിന്തകള്‍ വേണ്ട മത്സരമാണ് കഴിഞ്ഞത്. സമീപനം മാറണം. എന്നാല്‍ അത് തിരക്കു പിടിച്ചു ചെയ്യാന്‍ സാധിക്കുന്നതല്ല.’
‘ഞങ്ങള്‍ കഴിവുള്ള സംഘമാണ്. ആ കഴിവുകളെ മെച്ചപ്പെടുത്താനുള്ള അവസരവുമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ രീതിയില്‍ തന്നെയാണ് ഞങ്ങള്‍ ബാറ്റ് ചെയ്യുന്നത്. ചില മാറ്റങ്ങള്‍ വരേണ്ടതുണ്ട്.’
‘നാട്ടിലെ പിച്ചില്‍ 140- 150 റണ്‍സ് അനായാസം കണ്ടെത്താന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ വിദേശ പിച്ചുകളില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ക്ക് 180 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അറിയില്ല. തീര്‍ച്ചയായും മനോഭാവം മാറേണ്ടതുണ്ട്. കഴിവും പരിഗണിക്കപ്പെടണം’- ക്യാപ്റ്റന്‍ മത്സര ശേഷം പ്രതികരിച്ചു.
Be the first to comment