ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടം ഭീകരാക്രമണമാണെന്ന് ഉറപ്പിച്ച് ജർമൻ സുരക്ഷാ സേന. കാർ ഓടിച്ചിരുന്ന താലിബിന്റെ എക്‌സ് അക്കൗണ്ടിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സൗദി അറേബ്യ ജർമ്മൻ അധികൃതർക്ക് താലിബിനെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ജെർമനിയിൽ അത്യാഹിതം എന്തെങ്കിലും സംഭവിക്കുമെന്ന് താലിബ് നേരത്തെ എക്സിൽ കുറിച്ചിരുന്നു. ഇതിനെ തുടർന്നാണ് സൗദി മുന്നറിയിപ്പ് നൽകിയതെന്ന് ജർമ്മൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ‘എക്സ് മുസ്ലീം’ എന്നാണ് താലിബ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യൂറോപ്പിലേക്കുള്ള മുസ്ലീം കുടിയേറ്റത്തിനെതിരെ പ്രതികരിക്കുകയും അടുത്തിടെ ജർമ്മൻ അധികാരികളോട് ശത്രുതാ മനോഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇസ്‌ലാമിൻ്റെ കടുത്ത വിമർശകനാണെന്ന് X-ലെ പോസ്റ്റിൽ താലിബ് സൂചിപ്പിക്കുന്നുണ്ട്. കിഴക്കൻ ജർമ്മൻ നഗരമായ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഒരു കുട്ടി അടക്കം അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം മാഗ്‍ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കാർ ഓടിച്ചിരുന്ന സൗദി പൗരൻ 2006 മുതൽ ജർമനിയിൽ താമസിക്കുന്നയാളാണ്. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങി. കരുതികൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. വൈകുന്നേരം നല്ല തിരക്കുള്ള മാർക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാർ ഇടിച്ചു കയറുകയായിരുന്നു. ക്രിസ്മസ് അവധിക്കാല കച്ചവടക്കാരെക്കൊണ്ട് മാർക്കറ്റ് തിങ്ങിനിറഞ്ഞ സമയത്താണ് സംഭവം നടക്കുന്നത്.
Be the first to comment