ഏപ്രില്‍ മുതല്‍ കാറുകളുടെ വില ഉയരും

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തോടെ, രാജ്യത്ത് ഒട്ടുമിക്ക പുതിയ കാറുകളുടെയും വില വര്‍ധിക്കും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് പുറമേ ഹ്യുണ്ടായ്, മഹീന്ദ്ര, കിയ, ബിഎംഡബ്ല്യു എന്നിവയാണ് ഏപ്രില്‍ മാസത്തോടെ പുതിയ കാറുകളുടെ വില വര്‍ധിപ്പിക്കുന്ന മറ്റു കമ്പനികള്‍.

മാരുതി കാറുകള്‍ക്ക് നാലുശതമാനം വരെ വില ഉയരും. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കിയ ഇന്ത്യ, ബിഎംഡബ്ല്യൂ എന്നി കമ്പനികള്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് വില വര്‍ധിപ്പിക്കുന്ന തോത് വെളിപ്പെടുത്തിയിട്ടില്ല. നാലുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത്. ജനുവരിയില്‍ കമ്പനികള്‍ നാലുശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഇതിന് പുറമേ കറന്‍സി മൂല്യത്തകര്‍ച്ച, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങി മറ്റു നിരവധി കാരണങ്ങളും വില വര്‍ധിപ്പിക്കുന്നതിന് പിന്നിലുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

‘യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ദുര്‍ബലമാകുന്നത് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ കൂടുതല്‍ ചെലവേറിയതാക്കി. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വിലയും ലോജിസ്റ്റിക്‌സ് ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. താരതമ്യേന വിപണി മന്ദഗതിയിലായിട്ടും ഈ സമ്മര്‍ദ്ദങ്ങള്‍ മൂലം നിര്‍മ്മാതാക്കള്‍ക്ക് ചില ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ മറ്റ് മാര്‍ഗമില്ല,’ – വിപണി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*