കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്ന് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനുള്ളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടത്.

തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപം ഉച്ചയോടെയാണ് അപകടം. മുള്ളൻമടക്കൽ അഷറഫിന്റെ മകൻ അൽസാബിത്ത് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു.

സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിനു പുറകിലേക്ക് ആണ് പതിച്ചത്. പിൻവശത്തെ മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അൽസാബിത്തിന്റെ മേശയിലേക്ക് ആണ് ഓടും കല്ലും പതിച്ചത്. ശബ്ദം കേട്ട് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ അൽസാബിത്ത് രക്ഷപ്പെടുകയായിരുന്നു. 

കാറിൽ ഉണ്ടായിരുന്ന യാത്രക്കാരനും വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലുകൾ പതിച്ച് വീടിന്റെ ഓട് തകർന്നു.  ഈരാറ്റുപേട്ട പൊലീസും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*