പരിശീലകനെ നിയമിക്കുമ്പോൾ സൂക്ഷിക്കണം ; പരോക്ഷ വിമർശനവുമായി ​ഗാം​ഗുലി

ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരിശീലകനെ തേടുകയാണ് ബിസിസിഐ. ​മുൻ താരം ​ഗൗതം ​ഗംഭീറിന്റെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് ഉയർന്നുകേൾക്കുന്നത്. അതിനിടെ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ​ഗാംഗുലിയുടെ അഭിപ്രായം. ഒരു താരത്തിന്റെ ക്രിക്കറ്റ് കരിയർ രൂപപ്പെടുത്തുന്നതിൽ പരിശീലകന് വലിയ പങ്കാണുള്ളത്. ക്രിക്കറ്റ് ​ഗ്രൗണ്ടിനുള്ളിലും പുറത്തും ഒരു താരത്തിന്റെ ജീവിതത്തിൽ പരിശീലകന് വലിയ പങ്കാണുള്ളതെന്നും ​ഗാം​ഗുലി പറയുന്നു.

ട്വന്റി 20 ലോകകപ്പിന് പിന്നാലെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിയുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാൻ ബിസിസിഐ മെയ് 27 വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ അപേക്ഷകൾ ലഭിച്ചതിന്റെ വിവരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല. വിദേശ പരിശീലകരെ വേണ്ടെന്ന് മാത്രമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇതുവരെ വ്യക്തമാക്കിയത്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ​ഗൗതം ​ഗംഭീറിന്റെ സാധ്യതകളേറി. എങ്കിലും ഇക്കാര്യത്തിൽ ​ഗംഭീറോ ബിസിസിഐയോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മുൻ നായകൻ സൗരവ് ​ഗാം​ഗുലിയുടെ വിമർശനം.

Be the first to comment

Leave a Reply

Your email address will not be published.


*