അതിരമ്പുഴ : നാല് പതിറ്റാണ്ട് കാലമായുള്ള ജനകീയ ആവശ്യമായിരുന്നു കാരിത്താസ് റെയിൽവേ മേൽപ്പാലം. ദീർഘകാലമായി നിരന്തരം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഭൂമിയേറ്റെടുക്കൽ പൂർത്തീകരിച്ച് 2019 മേൽപ്പാലം നിർമ്മാണത്തിനായി റെയിൽവേ ടെൻഡർ വിളിച്ചത്. റയിൽവെയുടെ ഭാഗത്തുനിന്ന് ചെയ്യേണ്ട നിർമ്മാണ പ്രവർത്തികൾ 2022 ജനുവരിയിൽ പൂർത്തീകരിച്ചു.
മേൽപ്പാലത്തിന്റെ റെയിൽവേ ട്രാക്കിന് മുകളിലുള്ള ഭാഗം റെയിൽവേയും, ഇരുവശങ്ങളിലുമുള്ള ഭാഗവും അപ്രോച്ച് റോഡും സംസ്ഥാന പൊതുമരാമത്ത് വകുപ്പുമാണ് നിർമ്മിക്കേണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ നിർമ്മിക്കേണ്ട അപ്രോച്ച് റോഡിൻറെയും മേൽപ്പാലത്തിൻറെയും നിർമ്മാണം ഇനിയും ആരംഭിച്ചിട്ട് പോലുമില്ല. മേൽപ്പാലം ഇല്ലാത്ത ഈ റോഡിൻറെ ഉദ്ഘാടനം കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കുട്ടികളുടെ ആശുപത്രിയിലേക്കും കാരിത്താസ്, മാതാ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലേക്കുമുള്ള പ്രധാന പാതയാണ് കാരിത്താസ് – അമ്മഞ്ചേരി റോഡ്. ഈ റോഡിനോട് സർക്കാർ ബോധപൂർവ്വം കാട്ടുന്ന അവഗണനെയെ ഇനിയും കണ്ടില്ലെന്നു നടിക്കാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ബഹുജന പ്രക്ഷോഭത്തിന് ഇറങ്ങുകയാണ് മുണ്ടകപ്പാടം ജനകീയ സമിതിയുടെ നേതൃത്വത്തിൽ.
നവംബർ 6 ഞായറാഴ്ച 3 മണിക്ക് അമ്മഞ്ചേരി കവലയിൽ നിന്നും കാരിത്താസ് ജംഗ്ഷനിലേക്കു പ്രതിഷേധ പ്രകടനം നടത്തുന്നു. കാരിത്താസ് ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനത്തിൽ നിരവധി സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നു.
Be the first to comment