പെരിയാറിലേക്ക് മാലിന്യമൊഴുക്കി; സിജി ലൂബ്രിക്കന്‍റ്സ് കമ്പനിക്കെതിരെ കേസ്

എറണാകുളം: പെരിയാറിലേക്ക് മാലിന്യമൊഴുക്കിയ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്. സിജി ലൂബ്രിക്കന്‍റ്സ് എന്ന സ്വകാര്യ വ്യവസായ സ്ഥാപനത്തിനെതിരെയാണ് ഏലൂർ പോലീസ് കേസെടുത്തത്. പെരിയാറിലേക്ക് നിയമ വിരുദ്ധമായി കമ്പനി മാലിന്യമൊഴുക്കിയെന്ന പ്രദേശവാസിയുടെ പരാതിയിലാണ് കേസ്.

ഏലൂരില്‍ സ്വകാര്യ കമ്പനി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതായി പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി പ്രവർത്തകർ കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി നൽകിയിരുന്നു. കറുത്ത നിറത്തിലുള്ള എണ്ണമയമുള്ള മാലിന്യം പുഴയിലേക്ക് തള്ളിയെന്ന പരാതിയെത്തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ മാലിന്യം ഒഴുക്കിയ സിജി ലൂബ്രിക്കന്‍റ്സ് കമ്പനിക്ക് ഉടന്‍ നോട്ടിസ് നല്‍കുമെന്ന് പിസിബി ഉദ്യോഗസ്ഥർ അറിയിച്ചു.

രാത്രിയില്‍ മഴ പെയ്യുന്നതിനിടെയാണ് കമ്പനി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴവെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പിലൂടെ മാലിന്യം പുറന്തള്ളുന്നത് നേരില്‍ കണ്ടുവെന്നും നടപടി എടുക്കണമെന്നുമാവശ്യപ്പെട്ട് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പിസിബി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുകയുമായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായും കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ് നല്‍കുമെന്നും പിസിബി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

പെരിയാറിലെ മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയമിച്ച സമിതി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാലിന്യമൊഴുക്കിയതെന്നതും ഏറെ ഗൗരവകരമാണ്. പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവത്തില്‍ വെള്ളത്തിലെ രാസ മാലിന്യം സ്ഥിരീകരിച്ച് കുഫോസ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പെരിയാറിൽ രാസമാലിന്യം ഒഴുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഇതിനിടെയാണ് സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*