പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓവർസിയറെ മുഖത്തടിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്

പത്തനംതിട്ട : പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വായ്പൂരിലെ സെക്ഷൻ ഓഫീസിനുള്ളിൽ വെച്ചാണ് കെഎസ്ഇബി ഓവർസീയറെ യുവാവ് മുഖത്തടിച്ചത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെരുമ്പെട്ടി പോലീസ് ആണ് കേസെടുത്തത്. മുഖത്തടിച്ച യുവാവിന് പുറമെ നാല് പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ്ഇബി ഓവർസിയർ വിൻസെൻ്റ് മല്ലപ്പള്ളി താലൂക്ക് ആശുപ്രത്രിയിൽ ചികിൽസ തേടി.

മല്ലപ്പള്ളി, എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തുകളില്‍ ശനിയാഴ്ച വൈകീട്ട് മഴയും കാറ്റും കാരണം മരങ്ങള്‍ വീണ് നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് ആയിരത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി മുടങ്ങിയതിൽ പരാതി പറയാനെന്ന പേരിൽ എത്തിയ മദ്യപ സംഘം പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നെന്ന് വിൻസന്റ് പറഞ്ഞു. എഴുമറ്റൂര്‍ അരീക്കലില്‍നിന്ന് എത്തിയവരാണ് ആക്രമിച്ചത്. ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എഞ്ചിനീയര്‍ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

വിഷു ദിവസം അവധിയില്‍ ആയിരുന്നവരെക്കൂടി വിളിച്ചു വരുത്തി ലൈനുകള്‍ പുനഃസ്ഥാപിക്കുന്ന ജോലി വിശ്രമമില്ലാതെ നടത്തുന്നതിനിടെയാണ് ചിലര്‍ കയ്യേറ്റം ചെയ്തതെന്നും നിയമപരമായി നേടുമെന്നും അസി. എഞ്ചിനീയര്‍ നിര്‍മ്മല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*