ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത പോലീസുകാരനെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പോലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ്. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെതിരെയയാണ് നടപടി. മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ച് ഹോട്ടലിലെത്തി തര്‍ക്കിച്ചതിന് ഇയാള്‍ക്കെതിരെ ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നുളള ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും വാക്കത്തി കാണിച്ച് ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംഭവം. ഇയാള്‍ കുടുംബസമേതം രണ്ടുദിവസം മുന്‍പ് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം മകന് ഭക്ഷ്യവിഷബാധയുണ്ടായി. വെള്ളിയാഴ്ച ഹോട്ടലിലെത്തി പോലീസുകാരനാണെന്നും ഭക്ഷണംകഴിച്ച് മകന്‍ ആശുപത്രിയിലാണെന്നും കടയുടമ അബ്ദുള്‍ ലത്തീഫിനോടു പറഞ്ഞു. വിവരങ്ങള്‍ ചോദിച്ച അബ്ദുള്‍ ലത്തീഫിനോട് ഇയാള്‍ തര്‍ക്കിച്ച് ബഹളംവെച്ചശേഷം മടങ്ങി. കടയുടമ സൗത്ത് പോലീസില്‍ അറിയിച്ചതനുസരിച്ച് രണ്ടു പോലീസുകാര്‍ സ്ഥലത്തെത്തി വിവരങ്ങളന്വേഷിച്ച് മടങ്ങി.

പിന്നാലെ തിരിച്ചെത്തിയ ജോസഫ് ബൈക്ക് കടയിലേക്ക് ഇടിച്ചുകയറ്റി. കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കടയുടെ ഗ്ലാസ്, മേശ, കസേര എന്നിവ തല്ലിത്തകര്‍ത്തു. കടയിലുണ്ടായിരുന്നവര്‍ ഭയന്ന് ഇറങ്ങിയോടി. ഹോട്ടലിന്റെ പാര്‍ട്ണര്‍ റിയാസിനെ കഴുത്തിനുപിടിച്ച് പുറത്തേക്കുതള്ളിയിട്ടശേഷം ഇയാളെയും ജീവനക്കാരെയും വെട്ടുകത്തിവീശി ഭീഷണിപ്പെടുത്തി.

ആളുകള്‍ ഓടിക്കൂടിയെങ്കിലും ഭയപ്പാടിലായിരുന്നതിനാല്‍ ആരും തടഞ്ഞില്ല. വലിയ ചുടുകാടിന് സമീപമുള്ള അഹ്ലന്‍ എന്ന ഹോട്ടലാണ് ജോസഫ് അടിച്ചുതകര്‍ത്തത്. സംഭവം നടക്കുമ്പോള്‍ ജോസഫ് മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസില്‍ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*