ആലുവ :ആലുവയിൽ കിൻഫ്ര പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരെ കേസ്. ഹൈബി ഈഡൻ എം പി, അൻവർ സാദത്ത് എംഎൽഎ, ഉമാ തോമസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുത്തു. കലാപഹ്വനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു. ആലുവയിൽ നിന്ന് 45 എം.എൽ.ഡി കുടിവെള്ള പൈപ്പ് ലൈൻ കിൻഫ്രയുടെ വ്യവസായിക ആവശ്യത്തിന് കൊണ്ടുപോകുന്നതിനെതിരെയാണ് സമരം നടത്തിയത്.
പൈപ്പ് ഇടാൻ എടുത്ത കുഴിയിൽ ഇറങ്ങിയിരുന്നായിരുന്നു പ്രതിഷേധം. തോട്ടുമുഖത്ത് വൻ പൊലീസ് സുരക്ഷയിൽ ഇന്നലെ രാവിലെ ആരംഭിച്ച പൈപ്പിടൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ആലുവയിലെ എടയപ്പുറം – കൊച്ചിൻ ബാങ്ക് റോഡിൽ അഞ്ച് മീറ്ററോളം നീളത്തിലും മൂന്നു മീറ്റർ ആഴത്തിലും കുഴിയെടുത്ത് പൈപ്പിടൽ തുടങ്ങിയെങ്കിലും പ്രതിഷേധം ശക്തമായതോടെ താത്കാലികമായി ജോലി നിർത്തി.
കഴിഞ്ഞ ആഴ്ച സമരംമൂലം പൈപ്പിടൽ തടസ്സപ്പെട്ടതോടെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കിൻഫ്ര കത്ത് നൽകിയിരുന്നു. എം.എൽ.എ.മാരായ അൻവർ സാദത്ത്, ഉമ തോമസ്, ടി.ജെ. വിനോദ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും പ്രതിഷേധിക്കാൻ രംഗത്തുണ്ടായിരുന്നു.
Be the first to comment