കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയിൽ കുട്ടികൾ പങ്കെടുത്ത സംഭവത്തില്‍ സ്‌കൂൾ മാനേജ്‍മെന്റിനെതിരെ കേസ്. സായ് ബാബ വിദ്യാലയം സ്‌കൂൾ മാനേജ്‍മെന്റിനെതിരെയാണ് സായ് ബാബ കോളനി പോലീസ് കേസെടുത്തത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിലാണ് നടപടി.
സംഭവത്തില്‍ ജില്ലാ കളക്ടറും അന്വേഷണം നടത്തുന്നുണ്ട്. തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് തേടി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് കളക്ടർ വ്യക്തമാക്കിയത്. സ്കൂളിലെ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ മുഖ്യ വിദ്യാഭ്യാസ ഓഫീസറും ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികൾക്കൊപ്പം റാലിയിൽ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്കൂൾ മാനേജ്മെന്റിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു. ശ്രീ സായി ബാബ എയ്‌ഡഡ് മിഡിൽ സ്കൂളിലെ 50-തോളം കുട്ടികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
Be the first to comment