വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെറുതെ വിട്ടു

മൂന്നാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. കുറ്റപത്രം സമർപ്പിച്ച് രണ്ടു വർഷത്തിനു ശേഷമാണ് കേസിൽ വിധി വന്നത്.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നുമാണ് പറയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുൻ പൊലീസ് പിടിയിലാകുന്നത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. പ്രതി മൂന്നു വയസു മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചതായും മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തിൽ പറയുന്നു.

2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരുന്നത്. കേസിൽ 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*