മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതില്‍ വിരോധമെന്ന് എഫ്‌ഐആര്‍; 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂർ: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം, കലാപശ്രമം, തടഞ്ഞുവെക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് പൊലീസ് എഫ്ഐആർ പറയുന്നു. ഹെൽമെറ്റും ചെടിച്ചട്ടിയും എടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലയ്ക്ക് അടിച്ചുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

കണ്ണൂരിലെ കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. മാടായിപ്പാറ പാളയം മൈതാനത്ത് നടന്ന നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങുമ്പോഴായിരുന്നു വൻ പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകർ സംഘടിച്ച് എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു.

മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ ഉൾപ്പെടെ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ഐസിയുവിൽ ചികിത്സയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*