പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ കേസ്

ചെന്നൈ: പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ ചെന്നൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാരീസ് കോർണറിലെ ക്ഷേത്രത്തിൽ പൂജാരിയായ കാർത്തിക് മുനുസ്വാമിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ലൈം​ഗികാതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ലൈം​ഗിക തൊഴിൽ ചെയ്യുന്നതിന് വിസമ്മതിച്ചപ്പോൾ ശാരീരികോപദ്രവം നടത്തിയതായും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് പരാതിക്കാരി. യുവതിയുടെ മാതാപിതാക്കൾ മരിച്ചിരുന്നു. യുവതി തനിച്ചായിരുന്നു താമസം. ആ സമയത്താണ് കാർത്തിക് മുനുസാമിയുമായി പരിചയപ്പെട്ടത്.

 സൗഹൃദത്തില്‍ തുടരുന്നതിനിടെ ഒരു ദിവസം വീട്ടിലെത്തിയ ഇയാൾ മദ്യപിച്ച ശേഷം യുവതിയെ പീഡിപ്പിച്ചു. യുവതി  പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ, തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കുമെന്നും വാ​ഗ്ദാനം നൽകി. തുടർന്നാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത്. ഇതിനിടയിൽ യുവതി ​ഗർഭിണിയാവുകയും പിന്നാലെ ​ഗർഭഛിദ്രത്തിന് നിർബന്ധിതയാവുകയും ചെയ്തു. പിന്നീടാണ് ലൈംഗിക തൊഴിലിന് ഇറങ്ങാന്‍ നിർബന്ധിച്ചത്. യുവതിയുടെ പരാതിയില്‍  കേസെടുത്ത  വിരുഗമ്പാക്കം ഓൾ വിമൻ പോലീസ്  സെക്ഷൻ 312 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*