കുട്ടികളില്‍ അപ്പെന്‍ഡിസൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു; ആദ്യ ലക്ഷണങ്ങൾ മനസിലാക്കാം

ശരീരത്തിലെ വൻകുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന മണ്ണിരയുടെ ആകൃതിയിലുള്ള ചെറിയ അവയവമാണ് അപ്പെൻഡിക്സ്. ഇതിനുണ്ടാകുന്ന അണുബാധയും വീക്കവുമാണ് അപ്പെൻഡിസൈറ്റിസ്. കടുത്ത വേദന സമ്മാനിക്കുന്ന ഈ രോഗം മുതിർന്നവരിൽ മാത്രമല്ല ഇപ്പോൾ കുട്ടികളിലും വ്യാപകമായി കണ്ടു വരുന്നതായി റിപ്പോർട്ടുകൾ. 14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ അപ്പെൻഡിസൈറ്റിസ് ബാധയുടെ തോത് വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അപൂർവമായി നവജാത ശിശുക്കളിൽ പോലും ഇപ്പോൾ അപ്പെൻഡിസൈറ്റിസ് കണ്ടുവരുന്നു.

 

വേദന സാധാരണയായി പൊക്കിളിനു ചുറ്റും ആരംഭിക്കുകയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വയറിന്റെ വലത് ഭാഗത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. വേദനയ്ക്കൊപ്പം ഛർദ്ദിലും പനിയും പ്രത്യക്ഷപ്പെടാം. എന്നാൽ ന്യുമോണിയ, കുടലിൽ അണുബാധ, പെൺകുട്ടികളിൽ അണ്ഡാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും സമാന ലക്ഷണങ്ങൾക്ക് കാരണമാകാമെന്നതിനാൽ രോഗനിർണയം പലപ്പോഴും വൈകാറുണ്ട്. ഇത് അപ്പെൻഡിക്സ് വീർത്ത് പൊട്ടി മറ്റ് സങ്കീർണതകളിലേക്ക് നയിക്കുന്നു.

 

ശസ്ത്രക്രിയക്ക് മുൻപ് കൃത്യമായ രോഗനിർണയം നടത്തേണ്ടത് അതിപ്രധാനമാണ്. ചിലപ്പോൾ അൾട്രാസൗണ്ട് സ്കാനും അപൂർവമായി സിടി സ്കാനും ഇതിന് വേണ്ടി വന്നേക്കാമെന്ന് ഡോക്ടർമാർ പറയുന്നു. മുതിർന്നവരിലെന്ന പോലെ ശസ്ത്രക്രിയ തന്നെയാണ് കുട്ടികളിലും അപ്പെൻഡിസൈറ്റിസിന് പരിഹാരം. ലാപ്രോസ്കോപ്പിക് അഥവാ കീഹോൾ ശസ്ത്രക്രിയ വഴി ഇപ്പോൾ അപ്പെൻഡിക്സ് നീക്കം ചെയ്യാൻ സാധിക്കും. ചെറിയൊരു ശതമാനം കുട്ടികൾക്ക് ആദ്യ ഘട്ടങ്ങളിൽ തന്നെ രോഗം കണ്ടെത്തിയാൽ ആന്റിബയോട്ടിക് ചികിത്സയിലൂടെ രോഗം ഭേദമാക്കാനായേക്കും. എന്നാൽ ശസ്ത്രക്രിയ ഇല്ലാതെ കുട്ടിയുടെ നില മെച്ചപ്പെട്ടാലും വീണ്ടും രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുട്ടികളിൽ ഭക്ഷണ ക്രമത്തിൽ നാരുകൾ ചേർന്ന ഭക്ഷണം കുറയുന്നത് അപ്പെൻഡിസൈറ്റിസ് രോഗബാധ കൂടുതലാകാനുള്ള കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

1 Comment

Leave a Reply

Your email address will not be published.


*