വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെക്യുലർ അന്തരീക്ഷം ഉറപ്പാക്കണം; കത്തോലിക്ക മെത്രാൻ സമിതി

ന്യൂഡൽഹി: കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെക്യുലർ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ നിർദ്ദേശം നൽകി ഭാരത കത്തോലിക്ക മെത്രാൻ സമിതി. കത്തോലിക്ക വിശ്വാസം ഇതരമതസ്ഥരായ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത് എന്നും മെത്രാൻ സമിതി പറഞ്ഞു. സ്കൂളിൻ്റെ അന്തരീക്ഷത്തിൽ കത്തോലിക്ക സഭയുടെ മൂല്യങ്ങളും പഠനങ്ങളും നിലനിർത്തണം. എല്ലാ സർക്കാർ നിയമങ്ങളും ചട്ടങ്ങളും സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം.

എല്ലാ മതങ്ങളുടെയും ഉത്സവങ്ങളും ആഘോഷിക്കണം. അതിൽ പക്ഷാപാതം പാടില്ല എന്നും സമിതി വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ദേശീയ അവധി ദിനങ്ങൾ മാനിക്കണം, ദേശീയ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടികൾ സ്‌കൂളുകളിലും നടപ്പിലാക്കണം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി കെട്ടിടത്തിൻ്റെ മുഖ്യ പ്രവേശന കവാടത്തിൽ പ്രദർശിപ്പിക്കണം.

കുട്ടികൾക്കിടയിൽ ഭരണഘടനാ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും മെത്രാൻ സമിതി പറഞ്ഞു. ശക്തമായ ചുറ്റുമതിൽ ഉപയോഗിച്ച് സ്കൂൾ സംരക്ഷിക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യയിലെ എല്ലാ കത്തോലിക്ക സ്ഥാപനങ്ങളും ഈ മാർഗ്ഗ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെടുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*