ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. എ സാംപിള്‍ പരിശോധനയില്‍ ശരീരത്തില്‍ ഉത്തേജക സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ബി സാംപിള്‍ പരിശോധനയിലും മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി, പിന്നാലെയാണ് വിലക്ക്.

2023 ജനുവരി മൂന്ന് മുതല്‍ താരത്തിന്റെ വിലക്ക് പ്രാബല്യത്തിലുണ്ടെന്ന് ദേശീയ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ഭുവനേശ്വറില്‍ വച്ചായിരുന്നു ദ്യുതിയെ സാംപിള്‍ പരിശോധനയ്ക്ക് വിധേയയാക്കിയത്. എ സാംപിള്‍ പരിശോധനയില്‍ ശരീരത്തിലെ പേശികള്‍ക്ക് കരുത്തും സ്റ്റാമിനയും വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ താരത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സാംപിള്‍ ശേഖരിച്ച തീയതി മുതലുള്ള എല്ലാ മത്സര ഫലങ്ങളില്‍ നിന്നും ദ്യുതി അയോഗ്യയാക്കപ്പെടും.

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ വനിതയാണ് ദ്യുതി ചന്ദ്. 2021ലെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് 4ല്‍ 11.17 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയാണ് ദ്യുതി പുതിയ ഇന്ത്യന്‍ വനിതാ റെക്കോര്‍ഡ് സ്ഥാപിച്ചത്. രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗ അത്‌ലറ്റുമാണ് 27കാരിയായ ദ്യുതി.

Be the first to comment

Leave a Reply

Your email address will not be published.


*