കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ; കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ ഡൽഹി റൗസ് അവന്യൂ കോടതി ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ സിബിഐ കസ്റ്റഡിയിലായിരുന്ന കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ അറിയിച്ചതിനെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയത്. പ്രത്യേക കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം സിബിഐ ഉദ്യോഗസ്ഥർ അടുത്തിടെ കവിതയെ ജയിലിൽ ചോദ്യം ചെയ്തിരുന്നു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കൂടിയായ കവിതയെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.

മാർച്ച് 15 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് ഇപ്പോൾ തിഹാർ ജയിലിലാണ്. എഎപി നേതാക്കളായ മനീഷ് സിസോദിയയ്ക്കും സഞ്ജയ് സിങ്ങിനും ശേഷം കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ഉന്നത രാഷ്ട്രീയ നേതാവായിരുന്നു കവിത. മാർച്ച് 21 ന്, കേസിൽ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കവിത തങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിൽ അടിസ്ഥാനമില്ലെന്ന് കവിതയുടെ അഭിഭാഷകൻ നിതേഷ് റാണ കോടതിയിൽ വാദിച്ചു. പ്രത്യേക ജഡ്ജി കാവേരി ബവേജയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ‘ഇത് സിബിഐ കസ്റ്റഡിയോ ജുഡീഷ്യറി കസ്റ്റഡിയോ അല്ല, ബിജെപി കസ്റ്റഡിയാണ്’ എന്നായിരുന്നു ബിആർഎസ് നേതാവിന്റെ ആദ്യ പ്രതികരണം.

ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂ‍ഢാലോചന നടത്തിയെന്നും നൂറ് കോടി രൂപ കൈപ്പറ്റിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കേസിലെ കൂട്ടുപ്രതിയായ ബുച്ചി ബാബുവിൻ്റെ മൊബൈലിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് സംഭാഷണങ്ങളാണ് പ്രധാനമായും ഇഡി കവിതയ്‌ക്കെതിരെ ചൂണ്ടി കാണിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*