പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്.

ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും. മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. 2023ല്‍ 14 കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*