സംവരണവിരുദ്ധമായ ലാറ്ററൽ എൻട്രി പരസ്യം പിൻവലിച്ച് കേന്ദ്രം

കേന്ദ്രസർക്കാർ വകുപ്പുകളിലെ 45ഓളം ഡയറക്ടർ തസ്തികകളിലേക്ക് ‌‌‍‍‍‍‍‌‍ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുന്നതിനു വേണ്ടി പ്രസിധീകരിച്ച പരസ്യം യു പി എസ് സി പിൻവലിച്ചു. സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്നതു കൊണ്ടു തന്നെ സംവരണ തത്വങ്ങൾ പാലിക്കാതെ നിയമനം നടത്താൻ സാധിക്കില്ല എന്നറിയിച്ചുകൊണ്ട് കേന്ദ്ര പേർസണൽ, ട്രെയിനിങ് കാര്യ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം യു പി എസ് സി ചെയർപേഴ്സൺ പ്രീതി സുദന് കത്തയച്ചിരുന്നു. അതിനെത്തുടർന്നാണ് പരസ്യം പിൻവലിച്ചത്.

പിന്നാക്ക വിഭാഗങ്ങളുടെ ശരിയായ പ്രാതിനിധ്യം സർക്കാർ ജോലികളിലുണ്ടാകേണ്ടതുണ്ട് എന്നാണ് ജിതേന്ദ്ര സിങ് അയച്ച കത്തിൽ പറയുന്നത്. എന്നാൽ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയാണോ സർക്കാർ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് പോയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. സംവരണ തത്വങ്ങൾ പാലിക്കാതെ നടത്തുന്ന നിയമനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. അതിനൊപ്പം ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയു, എൽജെപി(രാംവിലാസ്) എന്നവരും എതിർപ്പുയർത്തിയിരുന്നു. അതിനു ശേഷമാണ് പരസ്യം പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നത്.

2018ലാണ് സർക്കാർ ലാറ്ററൽ എൻട്രി പദ്ധതി ആരംഭിക്കുന്നത്. ആറ് വർഷങ്ങൾക്കിപ്പുറം പദ്ധതി തെറ്റായിരുന്നു എന്ന് സർക്കാർ മനസിലാക്കാൻ കാരണം ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണോ എന്ന ചോദ്യം പ്രതിപക്ഷമുൾപ്പെടെയുള്ളവർ ഉന്നയിക്കുന്നു. 2018 ൽ പദ്ധതിയുടെ കരട് തയ്യാറാക്കുമ്പോൾ തന്നെ സംവരണം ഒഴിവാക്കിയിരുന്നു. സ്ഥലംമാറ്റത്തിലും ഡെപ്യുട്ടേഷനിലും സംവരണം കൃത്യമായി പാലിക്കേണ്ടതില്ല എന്ന ഉത്തരവ് അടിസ്ഥാനമാക്കിയാണ് സർക്കാർ ഈ പദ്ധതി തയ്യാറാക്കിയത്.

ഒന്നിലധികം സീറ്റുകളിൽ ഒരുമിച്ച് നിയമനം നടത്തുന്ന സമയത്ത് നിർബന്ധമായും സംവരണ തത്വം പിന്തുടരേണ്ടതുണ്ട് എന്നത്‌കൊണ്ടുതന്നെ സർക്കാർ ആവശ്യമായ തസ്തികകളിലേക്ക് ഒരുമിച്ച് നിയമനം നടത്തുന്ന സംവിധാനമായല്ല ലാറ്ററൽ എൻട്രിയെ കണ്ടത്. ഒന്നിലധികം തസ്തികകൾ ഉണ്ടെങ്കിലും വ്യത്യസ്ത വകുപ്പുകളിലേക്കുള്ള സെക്രട്ടറി, ഡയറക്ടർ തസ്തികകൾ ആയതുകൊണ്ട് തന്നെ വ്യത്യസ്ത നൈപുണ്യമുള്ളവരെയാണ് ആവശ്യം എന്ന് കാണിച്ച് ഓരോ തസ്തികയിലേക്കും പ്രത്യേകം നടത്തുന്ന നിയമങ്ങളാക്കി അതിനെ മാറ്റി.

ഒരുതസ്തികയിലേക്ക് മാത്രമായി നിയമനം നടത്തുമ്പോൾ സംവരണതത്വങ്ങൾ പാലിക്കണമെന്ന് നിർബന്ധമില്ലെന്ന് 1978ലെ ഉത്തരവനുസരിച്ച് സംവരണം പാലിക്കേണ്ടതില്ല എന്ന് പേർസണൽ, ട്രെയിനിങ് കാര്യ വകുപ്പ് സംവരണ വിഭാഗം നിർദേശം നൽകിയതോടെയാണ് വ്യത്യസ്ത തസ്തികകളായി നിയമനം നടത്താൻ സർക്കാർ തീരുമാനിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*