റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു കിലോ റബ്ബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് 5 രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. കേന്ദ്ര നീക്കം രാജ്യത്ത് റബ്ബര്‍ വിലവര്‍ധനവിന് വഴിയൊരുക്കിയേക്കും. കോട്ടയത്ത് ചേര്‍ന്ന റബ്ബര്‍ ബോര്‍ഡ് മീറ്റിങ്ങിലാണ് തീരുമാനം അറിയിച്ചത്. ഷീറ്റ് റബ്ബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും.

ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബ്ബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. തീരുമാനം കയറ്റുമതിക്കാരെ റബ്ബര്‍ ബോര്‍ഡ് അറിയിച്ചു. കോട്ടയത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ കയറ്റുമതിക്കാരുമായും ഡീലേഴ്സുമായും റബ്ബര്‍ബോര്‍ഡ് ചര്‍ച്ച നടത്തി. ഉല്‍പ്പാദനം കുറയുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കയറ്റുമതിക്കാര്‍ പറഞ്ഞു. റബ്ബറിനെ കാര്‍ഷിക ഉല്‍പ്പന്നമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നും റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*