റേഷൻ കാർഡുടമകളുടെ മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

റേഷൻ കാർഡുടമകളുടെ മസ്റ്ററിങ്‌ 94 ശതമാനം പൂർത്തിയാക്കിയതിന്‌ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രി ജി.ആർ.അനിലിലുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്‌ മന്ത്രി പ്രഹ്ലാദ്‌ ജോഷി അഭിനന്ദിച്ചത്. പാർലമെന്റ്‌ മന്ദിരത്തിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. റേഷൻ കാർഡ്‌ മസ്റ്ററിങ്ങിനുള്ള കാലാവധി കുറഞ്ഞത്‌ മേയ്‌ 31 വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചു.

മാർച്ച്‌ 31 നു മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിരിക്കെയാണ് സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനമാണ്‌ നിലവിൽ മസ്‌റ്ററിങ്‌ പൂർത്തിയാക്കിയത്‌. ഉൾപ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ്‌ മസ്റ്ററിങ്ങിൽ പിന്നിൽ. അതുകൊണ്ടുതന്നെ പരമാവധി റേഷൻ കാർഡ്‌ ഉടമകളെ മസ്‌റ്ററിങ്‌ നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. മസ്റ്ററിങ്‌ തീയതി ദീർഘിപ്പിച്ചു ലഭിച്ചാൽ സർക്കാരിന്‌ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ഇതുസംബന്ധിച്ച സെക്രട്ടറി തലത്തിൽ ചർച്ചകൾ നടത്തി ആവശ്യമെങ്കിൽ തീയതി നീട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്ന്‌ മന്ത്രി അറിയിച്ചു.

2022-23 സാമ്പത്തികവർഷം ഹൈദരാബാദ്‌ എൻ.ഐ.സി. നൽകിയ വിവരങ്ങളിലെ സാങ്കേതിക പിഴവുമൂലം തടഞ്ഞുവച്ചിരിക്കുന്ന 207.56 കോടി രൂപ കേരളത്തിനു അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രമന്ത്രിക്ക് അനുകൂല നിലപാടാണ്. ഭക്ഷ്യധാന്യങ്ങൾക്ക്‌ പകരം റേഷൻ കാർഡുടമയ്‌ക്ക്‌ അതിനു തത്തുല്യമായ പണം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതയി മന്ത്രി അറിയിച്ചു.

ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ആവശ്യമായ ഭക്ഷ്യവസ്‌തുക്കളുടെ 15 ശതമാനം മാത്രമാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ ഭക്ഷ്യ സബ്‌സിഡിയ്‌ക്ക്‌ പകരം പണം എന്ന രീതി സംസ്ഥാനത്ത്‌ ഭക്ഷ്യധാന്യ ശേഖരത്തിൽ വൻ കുറവുണ്ടാക്കും. ഭക്ഷ്യ ധാാന്യങ്ങൾക്കായി പൊതുവിപണിയെ പൂർണ്ണമായി ആശ്രയിക്കുന്ന നിലയുണ്ടായാൽ പൂഴ്‌ത്തിവയ്‌പിനും വിലക്കയറ്റത്തിനും കാരണമാകും. പൊതുവിതരണ ശൃംഖലയിൽ മുഖ്യപങ്കുവഹിക്കുന്ന റേഷൻ കടക്കാരുടെയും ലോഡിങ്‌ തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും ഉപജീവനമാർഗ്ഗത്തിനും ഈ പദ്ധതി തടസ്സമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

റേഷൻ കടക്കാർക്കുള്ള കമ്മീഷൻ , ചരക്കുകൂലി, കയറ്റിറക്കു കൂലി തുടങ്ങിയവ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ പുതുതായി നടപ്പിലാക്കിയ എസ്‌. എൻ. എ. ‘സ്‌പർശ്‌’ എന്ന പണമിടപാട്‌ സംവിധാനത്തിൻ്റെ പോരായ്‌മകളെക്കുറിച്ചും കേന്ദ്രമന്ത്രിയെ അറിയിച്ചെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പുതിയ പരിഷ്‌കാരം മൂലം റേഷൻ വ്യാപാരികളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പണം അയയ്‌ക്കാൻ നാല്‌ മുതൽ അഞ്ച്‌ ദിവസം വരെ ഇതുമൂലം കാലതാമസം വരുന്നുണ്ട്‌. അതിനാൽ പഴയ പേയ്‌മെന്‌റ്‌ സംവിധാനമായ എസ്‌. എൻ.എ പുനഃസ്ഥാപിക്കണമെന്ന്‌ മന്ത്രി അവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*