റോഹിംഗ്യന്‍ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകരുതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അനധികൃതമായി എത്തുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ ഉത്തരവിടരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണ്. പാര്‍ലമെന്റിൻ്റെയും സര്‍ക്കാരിൻ്റെയും നയപരമായ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അനധികൃതമായി എത്തിയതിനേത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലീങ്ങളെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മീഷണറില്‍ (യുഎന്‍എച്ച് സിആര്‍ ) നിന്ന് ചില റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ അഭയാര്‍ത്ഥി കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ കാര്‍ഡുമായാണ് അവര്‍ അഭയാര്‍ത്ഥി പദവിക്ക് വേണ്ടി ശ്രമം നടത്തുന്നത്. ഇന്ത്യ യുഎന്‍എച്ച്‌സിആര്‍ നല്‍കുന്ന കാര്‍ഡ് അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

മനുഷ്യക്കടത്ത്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇവര്‍ ഏര്‍പ്പെടുകയാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി എത്തുന്നവര്‍ അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടനയില്‍ മാറ്റംവരുത്തുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിദേശീയരായവര്‍ക്ക് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം ഇന്ത്യയില്‍ അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ട്. എന്നാല്‍, രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ അവകാശം ഇല്ല. ആ അവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ഉള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*