സൗരോർജ സെൽ നിർമാണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി

കൊച്ചി: ഇറക്കുമതി ആശ്രയത്വം കുറയ്ക്കാൻ ലക്ഷ്യമിട്ട് സൗരോർജ സെല്ലുകളുടെ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു. അടുത്ത വർഷം മാർച്ച് 31ന് മുൻപ് സൗരോർജ സെല്ലുകളുടെ ഉത്പാദന ശേഷി അഞ്ചിരട്ടി വർദ്ധിപ്പിച്ച് 30 ജിഗാ വാട്ട്സിൽ എത്തിക്കുമെന്ന് കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ചൈനയിൽ നിന്നും സൗരോർജ പാനലുകളും ഘടക ഭാഗങ്ങളും ഇറക്കുമതി നടത്തുന്നതിന് അധിക തീരുവയും സർക്കാരിന്‍റെ മുൻകൂർ അനുമതിയും നേടണമെന്ന വ്യവസ്ഥ വച്ചിരുന്നു. ഇതോടെ സോളാർ മൊഡ്യൂളുകളുടെ ഉത്പാദനത്തിൽ കഴിഞ്ഞ മാസങ്ങളിൽ മികച്ച വളർച്ച ദൃശ്യമായിരുന്നു. അതേസമയം വൻകിട ഉത്പാദകർ സൗരോർജ പാനലുകൾ നിർമിക്കുന്നതിന് ബാക്ക് എൻഡ് പ്രോഡക്ടുകൾക്കായി ചൈനയെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാനും സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുവാനും സൗരോർജ സെല്ലുകളുടെ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. മൊബൈൽ ഫോണുകളുടെ നിർമ്മാണ രംഗത്ത് വിപുലമായ ആനുകൂല്യങ്ങൾ ലഭ്യമാക്കി ആപ്പിൾ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളുടെ നിക്ഷേപം ആകർഷിക്കാൻ സാധിച്ചിരുന്നു. സമാനമായ ആനുകൂല്യങ്ങൾ ഉത്പാദന ബന്ധിത പദ്ധതികളിലൂടെ സാരോർജ സെൽ നിർമ്മാണ മേഖലയിലും പ്രഖ്യാപിക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*