ഗുര്‍പ്ത്വന്ത് സിംഗ് പന്നു വധശ്രമക്കേസ്; റോ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ്, റിപ്പോർട്ട് തള്ളി കേന്ദ്രം

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പ്ത്വന്ത് സിംഗ് പന്നുവിനെ അമേരിക്കയില്‍വെച്ച് വധിക്കാന്‍ മുന്‍ ഇന്ത്യന്‍ ഇന്റലിജെന്‍സ് ഉദ്യോഗസ്ഥന്‍ പദ്ധതിയിട്ടെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ (റോ) മുന്‍ ഉദ്യോഗസ്ഥനായ വിക്രം യാദവിനെതിരെയായിരുന്നു റിപ്പോർട്ടിലെ ആരോപണം. തീവ്രവാദിയെന്ന് ഇന്ത്യ മുദ്രകുത്തിയ പന്നുവിനെ വധിക്കുന്നതിനായി ഒരു സംഘത്തെ തന്നെ വിക്രം യാദവ് ചുമതലപ്പെടുത്തിയെന്നായിരുന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

റിപ്പോർട്ട് അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീർ ജയ്‌സ്വാള്‍ ചൂണ്ടിക്കാണിച്ചു. അമേരിക്ക ഉയർത്തിയ സുരക്ഷാ ആശങ്കകള്‍ പരിശോധിക്കുന്നതിനായി കേന്ദ്രം ചുമതലപ്പെടുത്തിയ ഉന്നതതല സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്‍ദീർ പറഞ്ഞു. ഉഹാപോഹങ്ങളും നിരുത്തരവാദപരവുമായ അഭിപ്രായങ്ങള്‍ അന്വേഷണത്തെ സഹായിക്കില്ലെന്നും രണ്‍ദീർ കൂട്ടിച്ചേർത്തു.

പന്നുവിനെ വധിക്കാനുള്ള പദ്ധതിയിടുമ്പോള്‍ സാമന്ത് ഗോയലായിരുന്നു റോയുടെ തലവനെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. വിദേശത്തുള്ള സിഖ് വിഘടനവാദികളെ ഇല്ലാതാക്കാന്‍ സാമന്ത് സമ്മർദം നേരിട്ടിരുന്നെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരുകാര്യം. ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലായിരിക്കാം പദ്ധതിക്ക് അനുമതി കൊടുത്തതെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ആരോപിക്കുന്നു. വധശ്രമം പാളിയതോടെ വിക്രം യാദവിനെ സിആർപിഎഫിലേക്ക് തിരിച്ചുവിളിച്ചതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ നവംബറിലായിരുന്നു ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഒരു യുഎസ് പൗരനെ (പന്നു) വധിക്കാന്‍ പദ്ധതിയിട്ട ആരോപണം അമേരിക്ക ഉന്നയിച്ചത്. ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. ‘സിസി-1’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ന്യൂയോർക്ക് ആസ്ഥാനമായിട്ടുള്ള സംഘടനയായ സിഖ്‍സ് ഫോർ ജസ്റ്റിസിന്റെ ജനറല്‍ കൗണ്‍സലാണ് പന്നു.

പന്നുവിനെ ലക്ഷ്യമിട്ടുള്ള കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അന്വേഷണത്തില്‍ ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഈ മാസം ആദ്യം പറഞ്ഞിരുന്നു. വിക്രം യാദവിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ബൈഡന്‍ ഭരണകൂടം വിട്ടുനില്‍ക്കുന്നതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു വൈറ്റ് ഹൗസിൻ്റെ നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*