കേന്ദ്രനിര്‍ദേശം പാലിച്ചില്ല ; കേരളത്തില്‍ EV ചാര്‍ജിങ് നിരക്ക് തോന്നിയ പോലെ

കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ചാര്‍ജിങ് നിരക്കുകള്‍ തോന്നിയതുപോലെ. സംസ്ഥാനത്ത് യൂണിറ്റിന് 15 മുതല്‍ 23 രൂപവരെയാണ് ചാര്‍ജിങ്ങിന് വിവിധ കമ്പനികള്‍ ഈടാക്കുന്നത്. ഇ.വി. ചാര്‍ജിങ് നിരക്കിന് പരിധിനിശ്ചയിക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളം പാലിക്കാത്തതാണ് ഇതിനുകാരണം.

ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് വൈദ്യുതിനല്‍കുന്ന വൈദ്യുതി വിതരണ കമ്പനികള്‍, എനര്‍ജി ചാര്‍ജ് (സിംഗിള്‍ പാര്‍ട്ട്) മാത്രമേ ഈടാക്കാവൂവെന്നാണ്  കേന്ദ്രനിര്‍ദേശം. എന്നാല്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡ് എനര്‍ജി ചാര്‍ജിനൊപ്പം ‘ഫിക്സഡ്’ ചാര്‍ജും ഈടാക്കുന്നുണ്ട്. ഇതാണ് നിരക്കുകള്‍ ഉയരാന്‍ കാരണം. ചാര്‍ജിങ് നിരക്കിന് പരിധിനിശ്ചയിക്കേണ്ടത് സംസ്ഥാനസര്‍ക്കാരും ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന വൈദ്യുതിനിരക്കില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന റെഗുലേറ്ററി  കമ്മിഷനുമാണ്.

എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 2022-ല്‍ ഇറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം വൈദ്യുതിവിതരണത്തിന് വരുന്ന ചെലവിന്റെ ശരാശരിയില്‍ കുറവായിരിക്കണം ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കുള്ള വൈദ്യുതിനിരക്ക്. ഇതുപ്രകാരമാണ് കേരളം യൂണിറ്റിന് 5.50 രൂപ നിശ്ചയിച്ചത്. വൈദ്യുതിബോര്‍ഡ് ചാര്‍ജിങ് കമ്പനികള്‍ക്ക് വൈദ്യുതി നല്‍കുന്നത് ഈ നിരക്കിലാണ്. എന്നാല്‍, ഇതിനൊപ്പം ഒറ്റവിഭാഗത്തിലേ (സിംഗിള്‍ പാര്‍ട്ട്) ഈ കമ്പനികളില്‍നിന്ന് നിരക്ക് ഈടാക്കാവൂ എന്ന നിര്‍ദേശവുമുണ്ടായിരുന്നു.

ഇത് നടപ്പാക്കിയില്ല. പകരം എനര്‍ജി ചാര്‍ജിനൊപ്പം കിലോവാട്ടിന് 100 രൂപ നിരക്കില്‍ ഫിക്സഡ് ചാര്‍ജും ഈടാക്കുന്നു.60 കിലോവാട്ടിന്റെ ചാര്‍ജിങ് സ്റ്റേഷന് ഫിക്‌സഡ് ചാര്‍ജിനത്തില്‍ മാസം 6000 രൂപ നല്‍കണം. ചാര്‍ജിങ്ങിനെത്തുന്ന ഉപഭോക്താക്കളില്‍നിന്നും ഈ തുക കണ്ടെത്താന്‍ കമ്പനികള്‍ നിരക്കുയര്‍ത്തുകയാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കമ്പനികള്‍ സ്വന്തം ആവശ്യത്തിന് സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കും ഫിക്സഡ് ചാര്‍ജുണ്ട്.

സംസ്ഥാനത്ത് ചില ഫ്‌ളാറ്റുകളും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇവരും ഫിക്സഡ് ചാര്‍ജ് നല്‍കണം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സെപ്റ്റംബര്‍ 17-ന് നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പകല്‍ ഇ.വി. ചാര്‍ജിങ് നിരക്കുകള്‍ കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് നാലുവരെയാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന വൈദ്യുതിക്ക് നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് . 2028 മാര്‍ച്ച് 31 വരെ സിംഗിള്‍ പാര്‍ട്ട് താരിഫ് മാത്രമേ ഈടാക്കാവൂവെന്നും, വൈദ്യുതിവിതരണത്തിന് വരുന്ന ചെലവിന്റെ ശരാശരിക്ക് മുകളിലാകരുത് നിരക്കെന്നും നിര്‍ദേശമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*