‘ആശമാരുടെ വിഷയത്തിൽ കുറേപേർ രാഷ്ട്രീയം കളിക്കുന്നു’; രാജീവ് ചന്ദ്രശേഖർ

ആശാവർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയം കളിക്കാൻ താൽപ്പര്യമില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളാണ് ആശമാർ, അവരെ 32 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുത്തി സമരം ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുകയല്ലാതെ അവരെ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേരളാമോഡൽ പറഞ്ഞു നടക്കുന്നവർ ശ്രമിക്കാത്തത് ശരിയായ കാര്യമല്ല. ചർച്ച നടത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ധാർമിക ഉത്തരവാദിത്വമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കുറെ ആളുകൾ ആശാപ്രവർത്തകരുടെ സമരത്തിൽ രാഷ്‌ടീയം കളിക്കുന്നുണ്ട്. പാർലമെന്റിൽ കുറച്ച് പ്രസ്താവനകൾ പറഞ്ഞിട്ട് കാര്യമില്ല സമരം ചെയ്യുന്നവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമാണ് കേൾക്കേണ്ടത്. കേരളത്തിന്റെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആശമാരെ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം, അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശാവർക്കേഴ്സ് സെക്രട്ടേറിയേറ്റിനു മുന്നിൽ പൊങ്കാലയിട്ടു. ആരോഗ്യമന്ത്രിക്ക് നല്ല ബുദ്ധി തോന്നണമെന്ന പ്രാർത്ഥനയോടെയാണ് പൊങ്കാലയിട്ടതെന്ന് സമരക്കാർ പരിഹസിച്ചു. സർക്കാർ ആശമാർക്കൊപ്പമാണെന്നാണ് മന്ത്രി വീണാ ജോർജ് ആവർത്തിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പടെ നിരവധി പേർ ഇന്നും സമരപന്തലിലെത്തി.

അതിനിടെ സമരത്തിനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി രംഗത്തെത്തി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണ്. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം സമരം ചെയ്യുന്നവർ മറച്ചുപിടിക്കുന്നു എന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*