സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കും; അധികാരങ്ങളിൽ നിയന്ത്രണങ്ങൾ: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബിൽ. നാൽപ്പതോളം ഭേദഗതികൾ ആകും നിലവിലുള്ള വഖഫ് നിയമങ്ങളിൽ വരിക. ഭേദഗതികൾക്ക് കഴിഞ്ഞദിവസം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.

ഏതു ഭൂമിയും വഖഫ് ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് കണ്ടുകെട്ടാനുള്ള അധികാരങ്ങൾ പുതിയ ബില്ലിൽ നഷ്ടമാകും. വഖഫ് ബോർഡ് ഏതെങ്കിലും ഭൂമിയിൽ അധികാരം ഉന്നയിച്ചാൽ അതനുവദിക്കുന്നതിന് മുമ്പായി നിർബന്ധമായും പരിശോധനകളുണ്ടാകും. 2013ൽ യുപിഎ സർക്കാരിന്റെ കാലത്ത് വഖഫ് നിയമത്തിൽ മാറ്റങ്ങൾ വരുത്തി വഖഫ് ബോർഡിന് കൊണ്ടുവന്ന അധിക അവകാശങ്ങൾ പുതിയ ഭേദഗതികളോടെ ഇല്ലാതാവും.

കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന ബോർഡുകളിലും സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കുന്ന വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്. വഖഫ് ബോർഡിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നാണ് വിശദീകരണം. ജില്ലാ കളക്ടർമാർക്കായിരിക്കും വഖഫ് വസ്തുക്കളുടെ മേൽ നിരീക്ഷണ അധികാരം. വഖഫ് നിയമത്തിലെ മാറ്റങ്ങൾ മത സ്വാതന്ത്ര്യത്തിന് എതിരെന്ന് വ്യക്തിനിയമ ബോർഡ് കുറ്റപ്പെടുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*