ഏറ്റുമാനൂർ: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന കാര്‍ഷിക വിള പ്രദര്‍ശന പവിലിയന്റെയും ചൈതന്യ ഫുഡ് ഫെസ്റ്റിന്റെയും ഉദ്ഘാടനം നടത്തപ്പെട്ടു. തോമസ് ചാഴികാടന്‍ എം.പിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും സംയുക്തമായിട്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അതിരുമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍ കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ കര്‍ഷക പ്രതിനിധികള്‍ കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിളപ്രദര്‍ശന പവിലിയനോടനുബന്ധിച്ച് വൈവിധ്യങ്ങളായ കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. കൂടാതെ നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റുമാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കാര്‍ഷിക മേളയുടെ ഉദ്ഘാടന ദിവസമായ നാളെ സര്‍ഗ്ഗ സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45 ന് പതാക ഉയര്‍ത്തല്‍ നടത്തപ്പെടും. തുടര്‍ന്ന് സിബിആര്‍ മേഖല കലാപരിപാടികളും 12.45 ന് ഓലമെടച്ചില്‍ മത്സരവും 1 മണിയ്ക്ക് ‘ആവണി’- തിരുവാതിരകളി മത്സരവും 2 ന് കടുത്തുരുത്തി മേഖല കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മേള ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മേളയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ റ്റി.കെ ജോസ് ഐ.എ.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ സെക്രട്ടറി മുത്ത് എം.ഡി., കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വൈകിട്ട് 5 മണിക്ക് പുരുഷ സ്വാശ്രയസംഘ വടംവലി മത്സരവും 6.30 ന് പാലാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന നാടകം ‘ജീവിതം സാക്ഷി’യും അരങ്ങേറും.
ഏഴ് ദിനങ്ങളിലായി നടത്തപ്പെടുന്ന കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, കൗതുകം നിറയ്ക്കുന്ന ആടുകളുടെ പ്രദര്‍ശനം, വലുപ്പമേറിയ പോത്തിന്റെ പ്രദര്‍ശനം, വിജ്ഞാനദായക സെമിനാറുകള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, കാര്‍ഷിക അവാര്‍ഡ് സമര്‍പ്പണം, പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പ്, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സ രീതികളുടെയും പ്രദര്‍ശനം, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി തുടങ്ങി നിരവധിയായ ക്രമീകരണങ്ങാണ് ഒരുക്കിയിരിക്കുന്നത്.
Be the first to comment