
മനുഷ്യർക്ക് ഭീഷണിയുയർത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്. പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പ് സർക്കാരിലേക്ക് അയക്കും. പഞ്ചയത്ത് തീരുമാനത്തെ സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. അംഗീകരിച്ചാൽ തീരുമാനവുമായി മുന്നോട്ട് പോകും. നാട്ടിൽ ഇറങ്ങുന്ന മുഴുവൻ വന്യ ജീവികളെയും വെടി വെക്കാനുള്ള തീരുമാനത്തെയാണ് സെക്രട്ടറി എതിർത്തത്.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള പഞ്ചായത്തിൻ്റെ അവകാശം റദ്ദാക്കണമെന്ന സിസിഎഫ് റിപ്പോർട്ടിനെതിരെ ഉപരോധം സംഘടിപ്പിക്കുമെന്ന് ചക്കിട്ടപ്പാറ പഞ്ചയത്ത്. മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി പെരുവണ്ണാമുഴി ഈ മാസം 24 ന് ഫോറസ്റ്റ് ഓഫിസ് ഉപരോധിക്കും. ഇരുപത് പേർ അടങ്ങുന്ന ഷൂട്ടേഴ്സ് പാനലിൻ്റെ യോഗവും ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ടന്റ്‌ന് നല്കിയ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം അനുസരിച്ച് പത്തു വാർഡുകൾ വനത്താൽ ചുറ്റപ്പെട്ടതാണ്. വന്യജീവി ആക്രമണങ്ങളാൽ ജനം പൊറുതിമുട്ടിയിരിക്കുന്നുവെന്നായിരുന്നു ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ വിശദീകരണം. ജീവനും സ്വത്തിനും ഭീഷണിയായി ഇത് തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. നാട്ടിലിറങ്ങുന്നത് ആന ആയാലും പുലി ആയാലും കടുവ ആയാലും വെടിവെച്ചു കൊല്ലാനാണ് ഭരണസമിതി യോഗം തീരുമാനിച്ചത്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ 15 മെമ്പർമാരും തീരുമാനം അംഗീകരിക്കുകയായിരുന്നു. എന്ത് സംഭവിച്ചാലും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽകുമാർ വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത് സമിതിയുടെ തീരുമാനം പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടി. ഭരണസമിതി പ്രഖ്യാപനം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
Be the first to comment