ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്; ഡോർട്ട്‌മുണ്ടിനെ തകർത്തു

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ ജർമന്‍ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്‍മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ഡാനി കാർവാഹാല്‍ (74), വിനീഷ്യസ് ജൂനിയർ (83) എന്നിവരാണ് റയലിനായി സ്കോർ ചെയ്തത്. ഇത് 15-ാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയർത്തുന്നത്.

റയലിന്റെ പ്രെസിങ് ഗെയിമോടെയായിരുന്നു കലാശപ്പോരിന് തുടക്കമായത്. ആദ്യ നിമിഷങ്ങളിലുടനീളം റയലിനായിരുന്നു ആധിപത്യം. എന്നാല്‍ ആഞ്ചലോട്ടിയുടെ സംഘത്തിന് പ്രതിരോധത്തിലെ പാളിച്ചകള്‍ തുടരെയുണ്ടായി. ഡോർട്ട്‌മുണ്ട് താരങ്ങള്‍ക്ക് അവസരങ്ങള്‍ ഉപയോഗിക്കാനാകാതെ പോയതോടെ റയല്‍ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു.

14-ാം മിനിറ്റില്‍ ബ്രാന്‍ഡ്‍ടിയിലൂടെ ഡോർട്ട്‌മുണ്ടിന് ആദ്യ അവസരമൊരുങ്ങി. ഫിനിഷിങ്ങിലെ കൃത്യതക്കുറവ് വില്ലനാവുകയായിരുന്നു. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം റയല്‍ ഗോളി തിബൊ കോട്ട്വാ മാത്രം മുന്നില്‍ നില്‍ക്കെ അഡെയേമിക്കായിരുന്നു അവസരമൊരുങ്ങിയത്. എന്നാല്‍ കോട്ട്വായെ കബളിപ്പിക്കാനുള്ള അഡെയേമിയെടുത്ത സമയംകൊണ്ട് കാർവാഹാലെത്തി റയലിന്റെ രക്ഷകനായി.

നിമിഷങ്ങള്‍ക്ക് പിന്നാലെ ഫുള്‍ക്രുഗിന്റെ ഷോട്ട് പോസ്റ്റിലിടിച്ചും മടങ്ങി. ആദ്യ പകുതിയില്‍ പിന്നീട് കാര്യമായ മുന്നേറ്റങ്ങള്‍ ഇരുപക്ഷത്തുനിന്നുമുണ്ടായില്ല. രണ്ടാം പകുതിയില്‍ ഡോർട്ട്‍മുണ്ടിന് അവസരമൊരുക്കാതെ പന്തടക്കത്തിലൂടെ കളിയുടെ നിയന്ത്രണം റയല്‍ ഏറ്റെടുത്തു. 74-ാം മിനിറ്റില്‍ ടോണി ക്രൂസ് തൊടുത്ത കോർണറില്‍ തലവെച്ച് കാർവാഹാല്‍ റയലിന് ലീഡ് നേടിക്കൊടുത്തു.

തന്റെ കരിയറിലെ അവസാന മത്സരത്തിലും അസിസ്റ്റോടെ തിളങ്ങാന്‍ ക്രൂസിനായി. അനായാസമായ ഫിനിഷിങ്ങിലൂടെയായിരുന്നു ബെല്ലിങ്ഹാമിന്റെ അസിസ്റ്റില്‍ വിനീഷ്യസിന്റെ ഗോള്‍ പിറന്നത്. 87-ാം മിനിറ്റില്‍ ഫുള്‍ക്രുഗിലൂടെ ഒരു ഗോള്‍ മടക്കാന്‍ ഡോർട്ട്മുണ്ടിനായെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*