കിം​ഗ് മേക്കറുമാരായി നായിഡുവും നിതീഷും ; സർക്കാർ രൂപീകരിക്കുന്നത് എൻഡിഎയോ അതോ ഇന്ത്യാ മുന്നണിയോ ?

ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തിൽ സർക്കാർ രൂപീകരിക്കുന്നത് എൻഡിഎയോ അതോ ഇന്ത്യാ മുന്നണിയോ എന്നത് തീരുമാനിക്കുന്ന കിം​ഗ് മേക്കർമാരായി ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും. പന്ത് തങ്ങളുടെ പക്കൽ വന്ന സാഹചര്യത്തിൽ മുന്നണികൾക്ക് മുൻപിൽ വലിയ വിലപേശലുകൾ നടത്താനാണ് നായിഡുവിന്റേയും നിതീഷിന്റേയും നീക്കം. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാൻ ചന്ദ്രബാബു നായിഡു തയാറെടുത്ത് കഴിഞ്ഞതായാണ് സൂചന. സുപ്രധാന ക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടും.

 എൻഡിഎ കൺവീനർ സ്ഥാനം ഉറപ്പിക്കും. ഇന്ന് നടക്കുന്നഎൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ചന്ദ്രബാബു നായിഡു 11 മണിക്ക് ഡൽഹിയിലേക്ക് തിരിക്കും. പവൻ കല്യാണും ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. നിതീഷ് കുമാറിന് പ്രധാനമന്ത്രി പദം വാ​ഗ്ദാനം ചെയ്ത് ഇന്ത്യാ മുന്നണി ഭരണം ഉറപ്പിക്കണമെന്നാണ് മമത ബാനർജി മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം. പ്രധാനമന്ത്രി പദവിയിൽ നിതീഷ് കുമാർ കണ്ണുവയ്ക്കാൻ സാധ്യതയുണ്ട്. ശരദ് പവാറിന്റെ നേതൃത്വത്തിൽ നിതീഷ് കുമാറുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ എൻഡിഎയും നിതീഷും തമ്മിൽ നടത്തുന്ന ചർ‌ച്ചകളുടെ വിശദാംശങ്ങൾ പുറത്തെത്തിയിട്ടില്ല.

സർക്കാർ രൂപീകരണ നീക്കങ്ങൾ വേഗത്തിൽ ആക്കാൻ ബിജെപി ദേശീയ നേതൃത്വം നീക്കം നടത്തുകയാണ്. രാവിലെ എൻഡിഎ മുന്നണി യോഗം ചേരും. ശേഷം അവകാശവാദം ഉന്നയിക്കും. സാഹചര്യങ്ങളെ സാധ്യമാകുന്ന വിധത്തിൽ അനുകൂലമാക്കാനാണ് ഇന്ത്യ മുന്നണിയുടെയും നീക്കം. മൂന്നാമതും സർക്കാർ ഉണ്ടാക്കുമെന്ന് അവകാശപ്പെടുമ്പോഴും ബിജെപി നേതൃത്വം പൂർണ്ണമായും ആത്മവിശ്വാസത്തിൽ അല്ല. സമ്മർദ്ദങ്ങൾ ശക്തമായാൽ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മറുവശത്തേക്ക് ചായുമോ എന്ന ഭീതി ബിജെപിക്ക് ഉണ്ട്. പരമാവധി വേഗത്തിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയാണ് ഇതിനുള്ള പരിഹാരമായി ബിജെപി കാണുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*